ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ വിശ്രമം സ്വപ്നയ്ക്ക് ആവശ്യമാണ്. ഇന്ന് മാധ്യമങ്ങളെ കാണാൻ ഉദേശിക്കുന്നില്ലെന്നും സ്വപ്നയുടെ ഓഫീസ് അറിയിച്ചു

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസിലെ (Gold Smuggling Case) വിവാദങ്ങൾ സംസ്ഥാനത്ത് പുകയുന്നതിനിടെ ആരോപണങ്ങൾ ഉന്നയിച്ച സ്വപ്ന സുരേഷിന് (Swapna Suresh) ശാരീരികാസ്വാസ്ഥ്വം. ഇന്ന് സ്വപ്ന ഓഫീസിൽ എത്തില്ലെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ വിശ്രമം സ്വപ്നയ്ക്ക് ആവശ്യമാണ്. ഇന്ന് മാധ്യമങ്ങളെ കാണാൻ ഉദേശിക്കുന്നില്ലെന്നും സ്വപ്നയുടെ ഓഫീസ് അറിയിച്ചു. പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖ ഇന്നലെ അവർ പുറത്ത് വിട്ടിരുന്നു.

ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാം. ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് എന്നോട് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞുവെന്നും പറഞ്ഞു.

'ഒരു സ്ത്രീയുടെ വേദന മനസിലാക്കിയാണ് വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തത്, തെറ്റുണ്ടെങ്കില്‍ തന്നെ അടിച്ചോളു'

താന്‍ വാടക ഗര്‍ഭപാത്രം വാഗ്ദാനം ചെയ്തെന്ന ഷാജ് കിരണിന്‍റെ പരാമര്‍ശത്തോടും സ്വപ്ന സുരേഷ് പ്രതികരിച്ചു. അമ്മയാകില്ലെന്ന ഷാജ് കിരണിന്‍റെ ഭാര്യയുടെ വേദന മനസിലാക്കിയാണ് തനിക്ക് കഴിയുന്നത് ചെയ്യാമെന്ന് താന്‍ പറഞ്ഞത്. കുഞ്ഞിനായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു. അവരുടെ വേദന മനസിലാക്കിയാണ് പൈസ വേണ്ടെന്നും കുഞ്ഞിനെ തരാമെന്നും ഞാന്‍ അറിയിച്ചത്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ നിങ്ങളെ ഞാനൊരു അമ്മയാക്കാമെന്നാണ് ഞാന്‍ അവരോട് പറഞ്ഞത്.

ഒരു സ്ത്രീയുടെ വേദനയാണ് ഞാന്‍ മനസിലാക്കിയത്. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും കുറെ അനുഭവിച്ചേനെ. ഒരുപാട് പള്ളികളിലും അമ്പലത്തിലും അവര് പോയിട്ടുണ്ടാവും. എല്ലാ റിസ്ക്കും എടുത്ത് ഒരു കുഞ്ഞിനെ നല്‍കാമെന്നാണ് ഞാന്‍ പറഞ്ഞത്. അതിലെന്തേലും കുഴപ്പമുണ്ടേല്‍ ആര്‍ക്കുവേണേലും എന്നെ അടിക്കാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

അതേസമയം, സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസം ഏര്‍പ്പെടുത്തി. പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വേദിയിലെത്താന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. 

'മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്‍റെ സമ്മര്‍ദ്ദം': സരിതയുടെ മൊഴി\

തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി. എസ് പി മധുസൂദനാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിത മൊഴി നല്‍കിയിരിക്കുന്നത്. ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയും പി സി ജോര്‍ജ് സംസാരിച്ചു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലിൽ വച്ച് അറിയാവുന്നതിനാൽ പിൻമാറിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ക്രൈം നന്ദകുമാറും സ്വപ്നയും ജോർജും എറണാകുളത്ത് കൂടി കാഴ്ച നടത്തിയെന്നും മൊഴിയിലുണ്ട്.