തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം. അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സംഘം കോടതിയെ സമീപിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കാൻ എൻഐഎ കോടതി ഉത്തരവിട്ടു. സ്വപ്നയെ കൂടാതെ സന്ദീപ് നായരടക്കം അഞ്ച് പ്രതികളെയാണ് ചോദ്യം ചെയ്യലിനായി എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

സ്വപ്ന സുരേഷിന്‍റെ ഫോൺ രേഖകകൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് എൻഐഎയുടെ ആവശ്യം. അന്വേഷണത്തിൽ സ്വപ്ന അടക്കമുള്ളവർക്കെതിരെ കൂടുതൽ തെളിവ് ലഭിച്ചിട്ടുണ്ടെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി. അതേസമയം നെഞ്ച് വേദനയെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സ്വപ്‌നയ്ക്ക് നാളെ ആൻജിയോഗ്രാം പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. 

നേരത്തെ ആറ് ദിവസത്തോളം സ്വപ്നയെ മെഡിക്കൽ കോളേജിൽ ചികിത്സിപ്പിച്ചിരുന്നു. ഇവിടെ നിന്നും പ്രതി ഫോണുപയോഗിച്ചെന്ന് സംശയം ഉയർന്ന സാഹചര്യത്തിൽ സ്വപ‌്നയുടെ വാർഡിലുണ്ടായിരുന്ന മുഴുവൻ നഴ്സുമാർക്കും ജീവനക്കാർക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമുണ്ട്. ഇവരുടെ ഫോൺ കോളുകൾ പരിശോധിക്കും. ഒരു ജൂനിയർ നഴ്‌സിന്റെ ഫോണിൽ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായാണ് സൂചന.

വാർഡിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും പേരു വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറും. ഇന്നലെയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇവർക്ക് ആദ്യം നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം സ്വപ്നയെ ഡിസ്ചാർജ് ചെയ്ത് വീണ്ടും വിയ്യൂർ ജയിലിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.