കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാൻ സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു
കൊച്ചി : തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ്(conspiracy case) റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ (swapna suresh)ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാൻ സ്വപ്നയോട് കോടതി ആവശ്യപ്പെട്ടു
ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയും മകളും ഭാര്യയുമടക്കം രാജ്യ വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നും കോൺസുൽ ജനറൽ ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെന്പിൽ ലോഹ വസ്തുക്കൾ കൊടുത്തയച്ചെന്നതടക്കമുള്ള മൊഴികളാണ് സ്വപ്ന നൽകിയിട്ടുള്ളത്. മുൻമന്ത്രി കെ.ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും 164ൽ വെളിപ്പെടുത്തലുകളുണ്ട്. ഇത് മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിലാണ് ഗൂഢാലോചന കേസ് എടുത്തിട്ടുള്ളത്.
ലൈഫ് മിഷൻ തട്ടിപ്പ്, സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്
കൊച്ചി : ലൈഫ് മിഷൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന് (Swapna Suresh) സിബിഐ നോട്ടീസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം മറ്റൊരു പ്രതിയായ സരിത്തിനും സിബിഐ നോട്ടീസ് നൽകിയിരുന്നു.
പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര സുരക്ഷ നൽകാനാകില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. എന്നാൽ, തന്‍റെ ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന ആവർത്തിക്കുന്നത്.
ഇതിനിടെ സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഡാലോചനാക്കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ കേസിൽ സ്വപ്നയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗൂഢാലോചനാ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്നലെ സ്വപ്ന സുരേഷ് രംഗത്ത് വന്നിരുന്നു.
