തിരുവനന്തപുരം: ജയിലിൽ സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന ജയിൽ ഡിഐജിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് സ്വപ്നയുടെ അഭിഭാഷകൻ സൂരജ് ടി ഇലഞ്ഞിക്കൽ. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി സ്വപ്നയെ കൂടി കേട്ട ശേഷമാണ് കോടതി സുരക്ഷാ ഉത്തരവ് നൽകിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിതെന്ന് സൂരജ് ടി ഇലഞ്ഞിക്കൽ പറഞ്ഞു. 

ജയിലിൽ ഭീഷണിയുണ്ടെന്ന് സ്വപ്ന പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി തയാറാക്കിയത്. അതല്ലാതെ ജയിൽ ഡിഐജി പറയും പോലെ താൻ എഴുതി കൊണ്ടുവന്ന പരാതിയിൽ സ്വപ്ന വെറുതെ ഒപ്പിടുകയായിരുന്നില്ല. കോടതിക്ക് നല്‍കിയ മൊഴിക്ക് വിരുദ്ധമായി എതങ്കിലും ഉദ്യോഗസ്ഥന് മൊഴി കൊടുക്കുന്നതിന് നിയമപരമായി നില നിൽപ്പില്ലെന്നും അഡ്വ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു

ജയിലിൽ വച്ച് സ്വപ്നാ സുരേഷിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. അഭിഭാഷകൻ എഴുതി നൽകിയ രേഖകളിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്ന് സ്വപ്ന പറഞ്ഞതായി ഡിഐജിയുടെ റിപ്പോർട്ടിലുണ്ട്. എന്നാൽ ഭീഷണിയുണ്ടെന്ന് സ്വപ്ന നേരിട്ട് കോടതിയിൽ പറഞ്ഞതിന് ഘടക വിരുദ്ധമായാണ് ജയിൽ വകുപ്പിൻ്റെ റിപ്പോർട്ട്.