Asianet News MalayalamAsianet News Malayalam

'അത് വിശ്വാസ പരിശീലനം നൽകേണ്ട ദിവസം'; ഞായറാഴ്ച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നതിനെതിരെ സീറോ മലബര്‍ സഭ

ഞായറാഴ്ച്ച ഗാന്ധി ജയന്തി ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നടത്താൻ തീരുമാനിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ  മറ്റാെരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

syro malabar church against making Anti drug campaign on Sunday
Author
First Published Sep 28, 2022, 5:42 PM IST

കൊച്ചി: ഞായറാഴ്ച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെതിരെ സീറോ മലബര്‍ സഭ.‍ ഞായറാഴ്ച്ച കുട്ടികൾക്ക് വിശ്വാസ പരിശീലനം നൽകേണ്ട ദിവസമാണെന്നാണ് സഭ പറയുന്നത്. ഞായറാഴ്ച്ച ഗാന്ധി ജയന്തി ആചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്താൻ തീരുമാനിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ  മറ്റാെരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

അതേസമയം, ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ബോധവൽക്കരണ പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ അണിചേരും. അധ്യാപകരിലൂടെ രക്ഷിതാക്കളിലും അതുവഴി വിദ്യാർത്ഥികളിലും അവബോധം സൃഷ്ടിച്ച് ലഹരി ഉപയോഗം ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ 5,08,195 വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകാനാകും. സർക്കാർ വിദ്യാലയത്തിൽ നിന്നായി 91,374 വിദ്യാർത്ഥികൾക്കും എയ്ഡഡ് തലത്തിൽ 2,56,550 വിദ്യാർത്ഥികൾക്കും അൺ എയ്ഡഡ് മേഖലയിൽ 1,60,271 വിദ്യാർത്ഥികൾക്കുമാണ് ബോധവൽക്കരണം ലഭിക്കുക. 22,043 അധ്യാപകരാണ് പദ്ധതിയുടെ ഭാഗമാകുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, എക്സൈസ്, പൊലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നിങ്ങനെ  വിവിധ വകുപ്പുകൾ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ലഹരിക്കെതിരെ ഒക്ടോബർ രണ്ട് മുതൽ നവംബർ ഒന്ന് വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും  അതിന്റെ നിയമവശങ്ങളെക്കുറിച്ചും   ബോധവൽക്കരണം നൽകി എക്സൈസ് വകുപ്പും ലഹരി മനുഷ്യനിലുളവാക്കുന്ന മാനസിക-ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ നൽകി ആരോഗ്യവകുപ്പും പരിശീലന പരിപാടിയിൽ പങ്കാളികളാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്കൂളിലെ എല്ലാ വിഭാഗം അധ്യാപകർക്കും ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്. എസ് സി ആർ ടി യുടെ നേതൃത്വത്തിലാണ് ശിൽപ്പശാലക്കുള്ള മൊഡ്യൂൾ തയ്യാറാക്കിയത്. ബി ആർ സി തലത്തിലും അധ്യാപകർക്ക് പരിശീലനം നൽകുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios