കൊച്ചി: സിറോ മലബാർ സഭ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് ഇദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്.

സഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കരുണാലയത്തിന്റെ ഭൂമി വിൽപ്പന നടത്തിയ സംഭവത്തിലാണ് കേസെടുത്തത്. കർദ്ദിനാൾ ആലഞ്ചേരിക്ക് പുറമെ മുൻ പ്രൊക്യുറേറ്റർ ഫാദർ ജോഷി പുതുവയെയും പ്രതി ചേർത്തിട്ടുണ്ട്. 

ഇരുവർക്കുമെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വിശ്വാസ വഞ്ചന, ഗൂഢാലോചന, തെറ്റായ വിവരങ്ങൾ ചേർത്ത് ആധാരം രജിസ്റ്റർ ചെയ്തു തുടങ്ങിയ വകുപ്പുകളാണ് കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിൽ ചുമത്തിയിരിക്കുന്നത്. സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ നേരെത്തെ രണ്ട് കേസുകൾ കോടതി രജിസ്റ്റർ ചെയ്തിരുന്നു.

പെരുമ്പാവൂർ സ്വദേശി ജോഷി സമർപ്പിച്ച ഹർജിയിലാണ് കോടതി കേസെടുത്തിരിക്കുന്നത്. കേസിൽ സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി കേസെടുത്തത്. കർദ്ദിനാളിനോടും ജോഷി പുതുവയോടും മാർച്ച് 13 ന് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.