ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്ന് സീറോ മലബാർ സഭ പിആർഒ ഫാ. ഡോ. ആന്റണി വടക്കേകര വി.സി വാർത്താ കുറിപ്പിൽ ആറിയിച്ചു.
കൊച്ചി: ഏകീകൃത സിവിൽ കോഡിനെ സ്വാഗതം ചെയ്തു എന്ന വാർത്ത വ്യാജമാണെന്ന് സീറോ മലബാർ സഭ. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ ഒരു വ്യാജവാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ആലഞ്ചേരി പിതാവ് നടത്തിയിട്ടില്ലെന്ന് സീറോ മലബാർ സഭ പിആർഒ ഫാ. ഡോ. ആന്റണി വടക്കേകര വി.സി വാർത്താ കുറിപ്പിൽ ആറിയിച്ചു.
ഏകീകൃത സിവിൽ കോഡിനെ സഭ സ്വാഗതം ചെയ്തു എന്ന വിധത്തിൽ പ്രചരിക്കുന്ന വാർത്ത തികച്ചും വാസ്തവ വിരുദ്ധവമാണെന്നും സീറോ മലബാർ സഭ വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് രാജ്യത്തിന്റെ ഭദ്രതയ്ക്കും ജനങ്ങളും ഐക്യത്തിനും ഉതകുന്നതാണെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞതായാണ് വാർത്തകള്‍ പ്രചരിച്ചിരുന്നത്.
അതിനിടെ ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് എംപി കെ മുരളീധരൻ രംഗത്തെത്തി. ഏകീകൃത സിവിൽ കോഡ് ഹിന്ദു മുസ്ലിം പ്രശ്നം മാത്രമാക്കി കാണാൻ ബിജെപിയും സിപിഎമ്മും ഒരുപോലെ ശ്രമിക്കുകയാണെന്ന് മുരളീധരൻ ആരോപിച്ചു. കോൺഗ്രസിന് ഇക്കാര്യത്തിൽ ആശയ കുഴപ്പം ഇല്ല. പിണറായി വിജയന്‍റേയും എം.വി ഗോവിന്ദന്‍റേയും ഒത്താശ വേണ്ട. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും. വ്യക്തി നിയമത്തിൽ സിപിഎം നിലപാട് എന്താണ്? പണ്ട് ആരിഫ് മുഹമ്മദ് ഖാനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ച ആളുകൾ ആണ് സിപിഎം. ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തതക്കുറവില്ലെന്നും ഇന്നലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിൽ കോൺഗ്രസ്സാണ് നിലപാട് പറഞ്ഞതെന്നും മുരളീധരൻ പറഞ്ഞു.
