കൊച്ചി: വിവാദമായ വ്യാജരേഖ കേസിൽ അതിരൂപതയുടെ നിലപാട് വ്യക്തമാക്കുന്ന വിശദീകരണ കുറിപ്പ് ഈ വരുന്ന ഞായറാഴ്ച എല്ലാ പള്ളികളിലും വായിക്കാൻ എറണാകുളം അങ്കമാലി അതിരൂപത തീരുമാനിച്ചു. കേസിൽ സമഗ്രാന്വേഷണം എന്നാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ ആവശ്യം. വ്യാജരേഖകൾ എന്നാരോപിക്കുന്ന രേഖകളുടെ സത്യാവസ്ഥ ജുഡീഷ്യൽ അന്വേഷണം വഴിയോ സിബിഐ അന്വേഷണം വഴിയോ പുറത്തുകൊണ്ടു വരണം എന്നാണ് ആവശ്യം.

രേഖകളുണ്ടാക്കാൻ അതിരൂപതയിലെ ഒരു വൈദികനും ഗൂഡാലോചന നടത്തിയിട്ടില്ല. ആദിത്യനെ കസ്റ്റഡിയിൽ ക്രൂര മർദനത്തിന് വിധേയനാക്കിയ പൊലീസ്, അന്വേഷണം നടത്തുന്നത് ശരിയായ ദിശയിലല്ലെന്നും അതിരൂപത ആരോപിക്കുന്നു. 

അതേസമയം കേസിൽ രണ്ട് വൈദികൾ നൽകിയ മുൻകൂർ ജാമ്യപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ഫാദർ പോൾ തേലക്കാടും നാലാം പ്രതി ഫാദർ ആൻറണി കല്ലൂക്കാരനുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഫാദർ ടോണി കല്ലൂക്കാരന്റെ നിർദേശപ്രകാരമാണ് മൂന്നാം പ്രതി ആദിത്യൻ കർദിനാളിനെതിരായ വ്യാജരേഖയുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.