വിഭാഗീയക്കാലത്ത് 2008 -ല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വി പി രാമകൃഷ്ണ പിള്ളയോട് മത്സരിച്ച് തോറ്റെങ്കിലും ദേശീയ സമ്മേളനം അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയാക്കി.
എതിരഭിപ്രായങ്ങള്‍ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രീയത്തില്‍ എന്നും വ്യത്യസ്തനായി നിന്ന നേതാവായിരുന്നു പ്രൊഫസര്‍ ടി ജെ ചന്ദ്രചൂഢന്‍. ആര്‍ എസ് പി വിഭാഗീയതയില്‍ ഒരു ഭാഗത്ത് നിന്ന് പോരാടുമ്പോഴും സി പി എമ്മിന്‍റെ നയവ്യതിയാനങ്ങളെയും അദ്ദേഹം എതിര്‍ത്തിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരെ എത്തിയെങ്കിലും തെരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ അദ്ദേഹത്തിനായില്ല. ചന്ദ്രചൂഢനെ രാജ്യസഭയിലേക്കയയ്ക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചപ്പോള്‍ സ്വന്തം പാര്‍ട്ടി നേതൃത്വം എ കെ ജി സെന്‍ററിലെത്തി തങ്ങള്‍ക്ക് ഇപ്പോള്‍ സീറ്റ് വേണ്ടെന്ന് പറഞ്ഞതും കേരള രാഷ്ട്രീയം കണ്ടു.
കേരള രാഷ്ട്രീയത്തില്‍ എന്നും തലയെടുപ്പോടെ നിന്ന നേതാവായിരുന്നു ടി ജെ ചന്ദ്രചൂഡന്‍. പി എസ് യുവിലൂടെ പൊതുരംഗത്തേക്കെത്തിയ അദ്ദേഹം കേരള സര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്കോടെയാണ് ബി എയും എം എയും പാസായത്. 60 -കളില്‍ കെ ബാലകൃഷ്ണനൊപ്പം കൗമുദി വാരികയുടെ സഹപത്രാധിപരായി. കോളേജ് അധ്യാപകനായും കേരളാ പി എസ് സി അംഗമായും പ്രവര്‍ത്തിച്ച ശേഷം സജീവ രാഷ്ട്രീയത്തിലേക്കെത്തിയ അദ്ദേഹം പടിപടിയായി വളര്‍ന്ന് സംസ്ഥാന സെക്രട്ടറി പദത്തിലൂടെ ജനറല്‍ സെക്രട്ടറി പദം വരെയെത്തി.
വിഭാഗീയക്കാലത്ത് 2008 -ല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വി പി രാമകൃഷ്ണ പിള്ളയോട് മത്സരിച്ച് തോറ്റെങ്കിലും ദേശീയ സമ്മേളനം അദ്ദേഹത്തെ ജനറല്‍ സെക്രട്ടറിയാക്കി. സി പി എമ്മിലെ വിഭാഗീയതയില്‍ വി എസ് അച്ചുതാനന്ദനെ പിന്തുണച്ചതിലൂടെ ഔദ്യേഗിക നേതൃത്വത്തിന് അദ്ദേഹം അനഭിമതനായി തീര്‍ന്നു. അബ്ദുല്‍നാസര്‍ മദനിയുമായി സി പി എം ചങ്ങാത്തം കൂടിയപ്പോഴും, മുസ്ലീം ലീഗിലെ സമ്പന്ന വിഭാഗവുമായി അവര്‍ അടുപ്പം കാണിച്ചപ്പോഴുമൊക്കെ വിഎസിനൊപ്പം നിന്ന് ചന്ദ്രചൂഢന്‍ അതിനെയെല്ലാം എതിര്‍ത്തു.
1982 -ലും 87 -ലും തിരുവനന്തപുരം വെസ്റ്റില്‍ മത്സരിച്ചെങ്കിലും തോറ്റു. 2006 ല്‍ ആര്യനാട്ട് മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല. അന്ന് ചന്ദ്രചൂഢന്‍ ജയിച്ചിരുന്നെങ്കില്‍ വി എസ് മന്ത്രിസഭയില്‍ അദ്ദേഹത്തിന് ഒരു മന്ത്രിസ്ഥാനം ഉണ്ടാകുമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷത്തിന്‍റെ നാവായി നിന്ന് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹം ശ്രദ്ധേയനായി. 2009 -ല്‍ ചന്ദ്രചൂഡനെ രാജ്യസഭയിലെത്തിക്കണമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞപ്പോള്‍ സീറ്റ് കൊടുക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തയ്യാറായെങ്കിലും ആര്‍എസ് പി നേതാക്കള്‍ വേണ്ടെന്ന് പറഞ്ഞത് അദ്ദേഹത്തിന് തിരിച്ചടിയായി.
അതേ പാര്‍ട്ടി കൊല്ലം ലോക്സഭാ സീറ്റിന്‍റെ പേരില്‍ എല്‍ഡിഎഫ് വിട്ടപ്പോള്‍ ചന്ദ്രചൂഢന്‍ മൗനം പാലിച്ച് ഒപ്പം നിന്നു. പക്ഷേ പിന്നീട് അദ്ദേഹം ആ തീരുമാനത്തെ തള്ളിപ്പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും എല്ലാവരുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹം പ്രത്യെകം ശ്രദ്ധിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ കൊണ്ട് എന്നും ശ്രദ്ധേയനായ ചന്ദ്രചൂഡനെന്ന പ്രമുഖ നേതാവിന്‍റെ വിയോഗം ആര്‍എസ്പിക്കും കേരള രാഷ്ട്രീയത്തിനും കനത്ത നഷ്ടം തന്നെയാണ്.
കൂടുതല്‍ വായനയ്ക്ക്: 'ഇടത് നിലപാട് ഉയർത്തിപിടിച്ച നേതാവ്, വിയോജിപ്പിലും യോജിച്ചു'; ടി.ജെ.ചന്ദ്രചൂഡനെ അനുസ്മരിച്ച് രാഷ്ട്രീയ കേരളം
കൂടുതല്‍ വായനയ്ക്ക്: ഇടത്തു നിന്ന് വലത്തോട്ട് മാറിയത് വേഗത്തിലായിപ്പോയെന്ന് ടി.ജെ ചന്ദ്രചൂഡന്‍
