സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ പരാജയപ്പെടുത്തി ടി കെ ഗോവിന്ദൻ തളിപ്പറമ്പിൽ അട്ടിമറി വിജയം നേടി. പാർട്ടി 'കുലംകുത്തി'യെന്ന് വിശേഷിപ്പിച്ച ടി കെ ഗോവിന്ദൻ, കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച് 12,627 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പതിറ്റാണ്ടുകളായുള്ള സിപിഎം കോട്ടയിലാണ് ഈ അപ്രതീക്ഷിത വിജയം.
തളിപ്പറമ്പ്: സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദനെതിരെ പട നയിച്ച ടി കെ ഗോവിന്ദന് തളിപ്പറമ്പിൽ അട്ടിമറി വിജയം. എം ഗോവിന്ദന് പിന്നാലെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ രംഗത്തെത്തിയ എം ഗോവിന്ദനെ കുലംകുത്തിയെന്നായിരുന്നു പാർട്ടി വിശേഷിപ്പിച്ചത്. അപ്പോഴും തന്‍റെ ആരോപണത്തിൽ ഉറച്ച് നിന്ന ടി കെ ഗോവിന്ദന് കോൺഗ്രസ് പിന്തുണയും പ്രഖ്യാപിച്ചു. വോട്ടെണ്ണലിൽ ഏതാണ്ടെല്ലാ സമയവും ആധിപത്യം പുലർത്തിയ ടി കെ ഗോവിന്ദൻ. പി കെ ശ്യാമളയ്ക്ക് വലിയ അവസരങ്ങളൊന്നും നൽകിയില്ലെന്ന് വോട്ടെണ്ണൽ ഫലങ്ങൾ കാണിച്ചു. 90.353 വോട്ടാണ് ടി കെ ഗോവിന്ദൻ സ്വന്തമാക്കിയത്. ഇതോടെ 12,627 വോട്ടിന്‍റെ വ്യക്തമായ ഭൂരിപക്ഷം അദ്ദേഹത്തിന് നേടാനായി. 77,726 വോട്ടുകൾ മാത്രമാണ് പി കെ ശ്യാമളയ്ക്ക് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന് 15,903 വോട്ടും ലഭിച്ചു.
മുൻ സിപിഎം കണ്ണൂർ ജില്ല കമ്മറ്റി അംഗം ടികെ ഗോവിന്ദൻ മാസ്റ്റർ യുഡിഎഫിന് വേണ്ടി മത്സരിച്ചുവെന്നത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഭാര്യ പി കെ ശ്യാമളയെ സിപിഎം സ്ഥാനാർഥിയായി തീരുമാനിച്ചതാണ് ടികെ ഗോവിന്ദൻ മാസ്റ്ററുടെ പാർട്ടിയിൽ നിന്നുള്ള പുറത്ത് പോകലിന് കാരണം. വിജയിച്ചില്ലെങ്കിൽ മറ്റൊരു ടി പി ചന്ദ്രശേഖരൻ ആവർത്തിക്കുമെന്ന് അദ്ദേഹം പ്രചാരണത്തിനിടെ പറഞ്ഞത് ഏറെ ശ്രദ്ധനേടി. ഒടുവിൽ ടി പി ചന്ദ്രശേഖറിന്‍റെ ഓർമ്മ ദിവസം നടന്നൊരു വോട്ടെണ്ണലിൽ പാർട്ടിയോട് കലഹിച്ച് പുറത്ത് വന്ന ടി കെ ഗോവിന്ദൻ വിജയം സ്വന്തമായി.
പതിറ്റാണ്ടുകളായി ഇളകാതെ നിൽക്കുന്ന പാർട്ടി കോട്ടതന്നെയാണ് തളിപ്പറമ്പ്. ഏത് കൊടുങ്കാറ്റിലും കൂടെ നിൽക്കുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്ന മണ്ഡലം. ആ വിശ്വാസത്തിന് മുകളിലാണ് ടി കെ ഗോവിന്ദൻ അസ്വസ്ഥത സൃഷ്ടിച്ചത്. ബന്ധുത്വം പരിഗണിച്ചല്ല പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് വിശദീകരിച്ചാണ് സിപിഎം ഈ വിഷയത്തെ പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി കെ ശ്യാമളയും സ്ഥാനാർഥിയായത്, അല്ലാതെ പാർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ലെന്നായിരുന്നു സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി കെ കെ രാഗേഷ് മാധ്യമങ്ങളോട് വിശദീകരിച്ചത്.
2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിംസ് മാത്യു നാൽപ്പതിനായിരം വോട്ടുകൾക്കാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സുധാകരനോടൊപ്പമായിരുന്നു മണ്ഡലം നിന്നത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ഈ ക്ഷീണം തീർത്തെങ്കിലും, 2024 -ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 8,787 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് നേടിയത്. ഇതേസമയം 2025 -ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം അനുകൂലമായാണ് മണ്ഡലം പ്രതികരിച്ചിരുന്നതെന്നതും ശ്രദ്ധേയം.



