തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിലുറച്ച് കോണ്‍ഗ്രസ്. മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ടി എന്‍ പ്രതാപന്‍ എംപി പറഞ്ഞു. മന്ത്രിയെ രക്ഷിക്കാൻ കളക്ടർ പച്ചക്കള്ളം പറയുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചുമതലകളില്‍ നിന്ന് കളക്ടറെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കളക്ടർ എല്‍ഡിഎഫ് കൺവീനറെ പോലെ പെരുമാറുന്നുവെന്നും ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു. ഈ കളക്ടർ കൗണ്ടിംഗിന് നേതൃത്വം നൽകിയാൽ ഗുരുതരമായ ക്രമക്കേട് ഉണ്ടാകുമെന്നും അതിനാല്‍ കളക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയധികം മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചാണ് 6.55 ന് മന്ത്രി വോട്ട് ചെയ്തത്. വോട്ട് മെഷീനിലും ഇത് വ്യക്തമാണ്. നേരത്തെ വോട്ട് ചെയ്തെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുമുണ്ട്. എന്നിട്ടും കളക്ടർ സത്യം മറച്ചുവെക്കുന്നുകയാണ്. മാധ്യമങ്ങളുടെ ക്യാമറ പരിശോധിക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. മന്ത്രിയുടെ വോട്ട് റദ്ദാക്കണം എന്ന് കമ്മീഷണനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മന്ത്രി എ സി മൊയ്തീൻ ഏഴ് മണിക്ക് മുമ്പ് വോട്ട് രേഖപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്നാണ് തൃശ്ശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്. മന്ത്രി വോട്ട്  ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല. റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകി. 

Also Read: മന്ത്രി മൊയ്തീൻ്റെ വോട്ട്; പിഴവ് സംഭവിച്ചിട്ടില്ലെന്ന് തൃശ്ശൂർ ജില്ല കളക്ടറുടെ റിപ്പോർട്ട്

മന്ത്രി 6.55 ന് വോട്ട് ചെയ്തെന്നായിരുന്നു ആരോപണം ഉയർന്നത്. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. സ്ഥിരമായി തെരഞ്ഞെടുപ്പിൽ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി മാറാറുണ്ട്. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്തീൻ ക്യൂവിലുണ്ടായിരുന്നു. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു. ഒരുക്കങ്ങൾ പൂർത്തിയായ ശേഷം പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. പക്ഷെ പോളിങ് തുടങ്ങേണ്ട ഏഴ് മണിക്ക് പിന്നെയും മിനിറ്റുകൾ ബാക്കിയുണ്ടായിരുന്നു എന്നാണ് ആക്ഷേപം ഉയർന്നത്.