കൊച്ചി: മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും പൊതുമരാമത്ത് മുന്‍ സെക്രട്ടറി  ടി ഒ സൂരജ്. ഇബ്രാഹിം കുഞ്ഞിന്‍റെ അറിവോടെയാണ് വായ്പ അനുവദിച്ചതെന്നും ഇതിനെല്ലാം രേഖകളുണ്ടെന്നും സൂരജ് പറഞ്ഞു. പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് കൊച്ചി ഓഫീസിലെത്തി മൊഴി നല്‍കിയ ശേഷമായിരുന്നു സൂരജിന്‍റെ പ്രതികരണം. ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുന്‍മന്ത്രിയുടെ മൊഴിയിൽ വ്യക്തത വരുത്താനാണ് സൂരജിനെ ചോദ്യം ചെയ്‍തത്. 

അതേസമയം പാലാരിവട്ടം മേൽപ്പാലം  അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത ഉണ്ടാകേണ്ടത് ഉണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു. കരാറുകാരന് അമിത ലാഭം ഉണ്ടാക്കുന്നതിനായി പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് കേസ്. ഇതിനായി ടെന്‍ഡര്‍ നടപടികളിലടക്കം ക്രമക്കേട് നടത്തുകയും വഴിവിട്ട് വായ്പ അനുവദിക്കുകയും ചെയ്തു.

നോട്ട് നിരോധന കാലത്ത് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള പത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടിരൂപ വന്നത് പാലാരിവട്ടം പാലം അഴിമതിയുമായി ചേര്‍ത്ത് അന്വേഷിക്കണമെന്ന കേസ് ഈ മാസം 31ന് പരിഗണിക്കും. ഹര്‍ജിയില്‍ എന്‍ഫോഴസ്‌മെന്റ് ഡയറക്ട്രേറ്റിനോട് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ നിലപാട് തേടിയിരുന്നു.

Read More: ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന കേസ് 31ന് പരിഗണിക്കും...