കെപിസിസി അധ്യക്ഷൻ്റെ വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയ കെ.സുധാകരനും ജെബി മേത്തറിനും എതിരെ രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്. ഇവർക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിയില്ലെങ്കിൽ തങ്ങളും പരസ്യമായി പ്രതികരിക്കുമെന്ന് ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി.

കാസർകോട്: കെപിസിസി അധ്യക്ഷൻ്റെ വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയ കെ.സുധാകരനും ജെബി മേത്തറിനും എതിരെ കാസർകോട് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ. കെ.സുധാകരനും ജെബി മേത്തറിനും പാർട്ടിയിൽ പ്രത്യേക അധികാരമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്റെ വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയവർക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരുടെയും പരസ്യ പ്രസ്താവനകളോട് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റിയത് ഇന്നലെയല്ലെന്നും, നീരസം പ്രകടിപ്പിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഇപ്പോൾ എല്ലാം എഴുതി തയ്യാറാക്കി വായിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. മുൻപും മഹിളാ കോൺഗ്രസിന് പ്രസിഡൻ്റുമാർ ഉണ്ടായിട്ടുണ്ടെന്നും, അവരാരും പാർട്ടി കാര്യങ്ങളിൽ പരസ്യമായി അഭിപ്രായം പറയാറില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജെബി മേത്തർക്ക് ഇതിനായി എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടോയെന്ന് അറിയില്ലെന്നും പരിഹസിച്ചു.

പാർട്ടി വിലക്ക് ലംഘിച്ച് പ്രസ്താവന നടത്തിയവർക്കെതിരെ നേതൃത്വം എന്ത് നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തങ്ങൾ പാർട്ടിയുടെ വിലക്ക് മാനിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിയില്ലെങ്കിൽ തങ്ങളും പരസ്യമായി പ്രതികരിക്കും. അവരെ വിലക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെങ്കിൽ ശക്തമായ പല കാര്യങ്ങളും തങ്ങൾക്കും തുറന്നുപറയാനുണ്ടെന്നും, അതിന് എന്തു വില കൊടുക്കേണ്ടി വന്നാലും പറയുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.