താനൂർ ലഹരി മരുന്ന് കേസ്: താമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ 4 പ്രതികൾക്കും ജാമ്യം
ഇവർക്കൊപ്പം പിടിയിലായ താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ഇവരിൽ നിന്ന് എംഡിഎംഎ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

മലപ്പുറം: മലപ്പുറം താനൂർ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൻസൂർ, ജബീർ, ആബിദ്, മുഹമ്മദ് കെ ടി എന്നീ 4 പ്രതികൾക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇവർക്കൊപ്പം പിടിയിലായ താമിർ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു. ഇവരിൽ നിന്ന് എംഡിഎംഎ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എഫ്എസ്എൽ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ജാമ്യം നൽകിയത്.
കഴിഞ്ഞ മാസമാണ് തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രിയുള്‍പ്പെടെ 5 പേരെ ലഹരിമരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. താമിർ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംഎയുമായി പുലർച്ചെ 1.45 ഓടെയാണ് താനൂരില്‍ നിന്നും പിടികൂടിയതെന്നാണ് പൊലീസ് ഭാഷ്യം. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു.
താനൂർ കസ്റ്റഡി മരണത്തിൽ മനുഷ്യവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്‍റെ ആരോപണം ഉയർന്നതോടെയാണ് കമ്മീഷന്‍റെ ഇടപെടൽ. താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം ഫലം ചോദ്യം ചെയ്തുള്ള പൊലീസ് വാദം കേസ് അന്വേഷണത്തെ ബാധിക്കുമെന്നും കുടുംബം അഭിപ്രായപ്പെട്ടു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എത്രയും പെട്ടെന്ന് സി ബി ഐ കേസ് ഏറ്റെടുക്കണം എന്നും ഇതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സഹോദരൻ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, താനൂർ കസ്റ്റഡി മരണത്തിൽ ക്രൈം ബ്രാഞ്ച് പ്രതിപട്ടിക സമർപ്പിച്ചിരുന്നു . പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമർപ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾ എസ്പിക്ക് കീഴിലെ ഡാൻസാഫ് ഉദ്യോഗസ്ഥരാണ്. പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സിപിഒ വിപിൻ എന്നിങ്ങനെയായിരുന്നു പ്രതിപട്ടിക.
താനൂർ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിൽ സത്യം തെളിയുമെന്ന് കരുതുന്നു: ഹാരിസ് ജിഫ്രി
താനൂര്‍ കസ്റ്റഡി മരണം: കൂടുതല്‍ ആരോപണങ്ങളുമായി ഫോറന്‍സിക് സര്‍ജന്‍
.