Asianet News MalayalamAsianet News Malayalam

'തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാം,പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം,ഡിസിസിയുടെ അനുമതി വേണം: താരീഖ് അന്‍വര്‍

എഐസിസിയില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും തരൂര്‍ പറഞ്ഞു. 

Tariq Anwar clarified his stand on the shashi tharoor issue
Author
First Published Nov 25, 2022, 10:03 PM IST

ദില്ലി: തരൂര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി താരീഖ് അന്‍വര്‍. ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാം. എന്നാല്‍ അതാത് പാര്‍ട്ടി ഘടകങ്ങളെ അറിയിക്കണം. ഡിസിസിയുടെ അനുമതി വേണമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. എം കെ രാഘവന്‍ എംപിയുടെ പരാതി കിട്ടിയില്ല. എഐസിസിയില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും തരൂര്‍ പറഞ്ഞു. ശശി തരൂരിന്‍റെ മലബാർ സന്ദർശനം വിവാദമായിരിക്കെ എ ഐ സിസി  അധ്യക്ഷൻ  ഇന്ന് രാത്രി കോഴിക്കോട്ടെത്തും.കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിടത്തിന്‍റെ തറക്കല്ലിടൽ ചടങ്ങാണ് എഐസിസി അധ്യക്ഷന്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടി. നാളെ നടക്കുന്ന ചടങ്ങിൽ  കെപിസിസി പ്രസിഡന്‍റ്, രമേശ് ചെന്നിത്ത എന്നിവരുൾപ്പടെ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളുമെത്തുന്നുണ്ട്. 

തരൂരിനൊപ്പമോ അതോ എതിരോ എന്ന നിലയിലേക്ക് സംസ്ഥാന കോൺഗ്രസിലെ ബലാബലം തന്നെ മാറിമറഞ്ഞതാണ് വിവാദം ശശി തരൂരിനുണ്ടാക്കിയ വൻ നേട്ടം. പാർട്ടി നയങ്ങൾ ഉയർത്തിയുള്ള പരിപാടികളെങ്ങനെ വിമത നീക്കമാകുമെന്നാണ് തരൂരിന്‍റെ ചോദ്യം. സംഘപരിവാറിനെതിരായ നീക്കങ്ങളിൽ കോൺഗ്രസ് ഫോറത്തിൽ നിന്ന് തന്നെ മത - സാമുദായിക നേതാക്കളുമായും പ്രൊഫഷണലുകളുമായാണ് സംവാദങ്ങളും കൂടിക്കാഴ്ചയും. അതുകൊണ്ട് തന്നെ ഇതൊന്നും അച്ചടക്കലംഘനമായി എടുക്കാനാകില്ലെന്നതാണ് കെ പി സി സി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി. കോഴിക്കോട്ടെ ആദ്യ സ്വീകരണപരിപാടി വിലക്കിയത് മുതൽ തരൂർ പ്രചാരണ വിവാദം കൈകാര്യം ചെയ്തത് ശരിയായില്ലെന്നാണ് എ ഗ്രൂപ്പ് വിമർശനം. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയുള്ള നേതാക്കളാകട്ടെ തരൂരിനെ പുകഴ്ത്തുകയും ചെയ്യുന്നു.

തരൂരിന് സ്വീകരണമൊരുക്കാൻ മുന്നിട്ടിറങ്ങിയ എം കെ രാഘവൻ എം പിക്കെതിരെ അച്ചടക്ക നടപടിയുടെ സാധ്യത ഇടക്ക് നേതൃത്വം ആലോചിച്ചിരുന്നു. വൻദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് അത് മാറ്റിവെച്ചത്.  ഇനി കൂടുതൽ പ്രതികരിച്ച് തരൂരിന്‍റെ മൈലേജ്  കൂട്ടേണ്ടെന്നാണ് സതീശന്‍റെ നിലപാട്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരൂവഞ്ചൂ‌ർ രാധാകൃഷ്ണൻ മുൻകൂട്ടി തിരുവനന്തപുരത്ത് നിശ്ചയിച്ച വാർത്താസമ്മേളനം റദ്ദാക്കി. പ്രശ്നം സമവായത്തിലൂടെ തീർക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം. പക്ഷേ സതീശനെ തുറന്നെതിർക്കുന്ന എൻഎസ്എസ് തരൂരിനെ ജനുവരി രണ്ടിന് മന്നം ജയന്തി ആഘോഷത്തിൽ മുഖ്യാതിഥിയാക്കി പാർട്ടിക്ക് മുന്നറിയിപ്പ് നൽകുന്നു.

Follow Us:
Download App:
  • android
  • ios