തൃശ്ശൂര്‍: സഹപ്രവര്‍ത്തകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പ്രീ പ്രൈമറി അധ്യാപിക സ്കൂളിൽ ആത്മഹത്യക്ക് ശ്രമിച്ചു. കയ്പമംഗലം ചളിങ്ങാട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മാപ്പിള എല്‍.പി. സ്‌കൂളിലെ അധ്യാപികയാണ് കൈതണ്ടയില്‍ മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. 

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ സ്‌കൂളില്‍ നടന്ന അധ്യാപകരുടെ യോഗത്തിനു ശേഷമാണ് സംഭവം. സ്കൂളിൽ കുട്ടികൾ കൂടുതൽ ആയതിനാൽ സഹായത്തിനു ആയയെ നിയമിക്കണമെന്നും ഈ അധ്യാപിക പല തവണ ആവശ്യപ്പെട്ടിരുന്നു. ഇന്ന് നടന്ന യോഗത്തിലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ല. ഇക്കാര്യം പറഞ്ഞ് ഈ യോഗത്തില്‍ അധ്യാപികയെ മറ്റുള്ളവര്‍ അപമാനിക്കുകയും ശകാരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിൽ മനം നൊന്താണ് ആത്മഹത്യക്കു ശ്രമിച്ചത്.

മാനസികമായി പീഡിപ്പിക്കുകയാണെന്നും ഒറ്റപ്പെടുത്തുകയാണെന്നും ആരോപിച്ച് അധ്യാപിക ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അധ്യാപിക അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേ സമയം രണ്ടാഴ്ചയായി താന്‍ അവധിയിലാണെന്നും എന്താണ് നടന്നതെന്ന് അറിയില്ലെന്നു പ്രധാനധ്യാപിക  ജിൽസ പ്രതികരിച്ചു.  സംഭവത്തെ കുറിച്ച് കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.