ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്.
തൃശൂർ: കുന്നംകുളം കടവല്ലൂരിൽ ഓണാഘോഷത്തെ വർഗീയ വൽക്കരിച്ച് വാട്ലാപ്പിൽ ശബ്ദസന്ദേശം അയച്ച രണ്ട് വനിതാ അധ്യാപകർക്കെതിരെ കേസെടുത്തു. ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം ഇട്ട സംഭവത്തിലാണ് കേസ്. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. സന്ദേശമിട്ട അധ്യാപികയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
കുന്നംകുളത്തെ കല്ലുംപുറം സിറാജുൽഉലൂം ഇംഗ്ലീഷ് സ്കൂളിലെ രണ്ട് അധ്യാപകര്‍ രക്ഷിതാക്കൾക്ക് അയച്ച സന്ദേശമാണ് വിവാദമായത്.സന്ദേശം പുറത്തുവന്നത് പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധമാണ് അധ്യാപികയ്ക്കും സ്കൂളിനുമെതിരെ ഉയർന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയ പരാതിയിൽ കുന്നംകുളം പൊലീസ് കേസെടുത്തു. വിദ്യാലയങ്ങളെ വർഗീയവൽക്കരിക്കുന്നത് തടയുമെന്ന് ഡി.വൈ.എഫ്.ഐ. തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്പ്രസാദ് വ്യക്തമാക്കി.
മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സന്ദേശം അയച്ചെന്ന കുറ്റമാണ് അധ്യാപകർക്കെതിരെ ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ഇത്. സ്കൂളിൽ നിന്ന് അധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്. പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. അധ്യാപകർക്കെതിരെ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

