മലപ്പുറം: എസ്‌ എസ്‌ എല്‍ സി-ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ച്‌ നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ. വിവിധ സമയ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അലോസരമുണ്ടാക്കുമെന്ന് ചൂണ്ടികാട്ടിയാണ് അധ്യാപക സംഘടനകള്‍ രംഗത്തെത്തിയത്. പരീക്ഷകളെ പ്രഹസനമാക്കുന്ന നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ എസ്‌ എസ്‌ എല്‍ സി, പ്ലസ്‌ ടു പരീക്ഷകള്‍ നടത്താന്‍ തയാറാവണമെന്നും ഇവര്‍ ആവശ്യപെടുന്നു.

ഒരേ ബഞ്ചില്‍ 5 കുട്ടികളെയിരുത്തി ഹയർ സെക്കണ്ടറി, എസ് എസ് എല്‍ സി പരീക്ഷകൾ ഒരുമിച്ച് നടത്താനാണ് സർക്കാർ നീക്കം നടത്തുന്നതെന്ന് കെ എച്ച് എസ് ടി യു ജനറല്‍ സെക്രട്ടറി ഒ ഷൗക്കത്തലി ചൂണ്ടികാട്ടി. പരീക്ഷ ഒന്നിച്ചു നടത്തി എന്ന് വരുത്താന്‍ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കമാണിതെന്നും പൊതുവിദ്യാഭ്യസത്തിന്‍റെ ഗുണമേന്മയെ തീരുമാനം ബാധിക്കുമെന്നും അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുണ്ട്.