അധ്യാപകരുടെ തമ്മിൽത്തല്ല്: വിദ്യാർത്ഥികളെ തല്ലിയതിൽ തുടങ്ങിയ തർക്കം, പൊലീസും എഇഒയും അന്വേഷിക്കുന്നു
ബിജെപി അനുകൂല അധ്യാപക സംഘടന എൻടിയുവിന്റെ നേതാവാണ് സ്റ്റാഫ് യോഗത്തിലേക്ക് കടന്നുകയറിയ ഷാജി

കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ കൈയ്യാങ്കളിയിൽ പൊലീസും എഇഒയും അന്വേഷണം തുടങ്ങി. ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻടിയുവിന്റെ നേതാവ് ഷാജി, ഭാര്യ സുപ്രീന ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിലേക്ക് അതിക്രമിച്ച് കയറിയതിനെ തുടർന്ന് നടന്ന സംഘർഷത്തിലാണ് അന്വേഷണം. പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. സ്കൂളിലെ രണ്ട് വിദ്യാർത്ഥികളെ അധ്യാപകർ തല്ലിയ പരാതി പോലിസിന് കൈമാറിയതിനെ ചൊല്ലി തുടങ്ങിയ തർക്കമാണ് അധ്യാപകർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചത്. കാക്കൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. സംഭവത്തിൽ കാക്കൂർ പൊലീസ് അധ്യാപകരിൽ നിന്ന് മൊഴിയെടുത്തു. കൊടുവളളി എ ഇ ഒ വകുപ്പുതല അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചക്ക് ശേഷമാണ് എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ സംഘർഷമുണ്ടായത്. ഈ സ്കൂളിൽ രണ്ട് വിദ്യാർത്ഥികളെ അധ്യാപകർ മർദ്ദിച്ചെന്ന പരാതി സുപ്രീന എന്ന അധ്യാപക കാക്കൂർ പോലിസിന് കൈമാറിയിരുന്നു. ഇതിനെ എതിർത്ത അധ്യാപകർ സ്റ്റാഫ് മീറ്റിംഗ് വിളിച്ചു. ഈ യോഗത്തിലേക്കാണ് സൂപ്രീനയുടെ ഭർത്താവും പോലൂർ എൽ പി സ്കൂളിലെ അധ്യാപകനുമായ ഷാജി കടന്നുകയറിയത്. ഷാജിയെ തടയാനുളള ശ്രമത്തിനിടെ പ്രധാനാധ്യാപകൻ പി ഉമ്മറിനും മറ്റ് ആറ് അധ്യാപകർക്കും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
Also Read: ന്റെ കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ്, ചൂരലും ശിക്ഷയും വേണ്ട; വൈറല്‍ മാഷ് സംസാരിക്കുന്നു!
കുട്ടികളെ മർദ്ദിച്ചെന്ന പരാതി ശരിയല്ലെന്ന് പി ഉമ്മർ പ്രതികരിച്ചു. പരാതി ആശയക്കുഴപ്പത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന ഈ പ്രശ്നം പരിഹരിച്ചിരുന്നു. അതിന് ശേഷവും സുപ്രീന വിവരം പൊലീസിലറിയിച്ചത് ശരിയായില്ലെന്ന് സ്റ്റാഫ് യോഗം നിലപാടെടുത്തു. ഇതിനിടെ ഷാജി കടന്നുകയറി അതിക്രമം കാണിക്കുകയായിരുന്നെന്ന് പ്രധാനാധ്യാപകൻ ആരോപിച്ചു.
എന്നാൽ വിദ്യാർത്ഥിയുടെ പരാതി അട്ടിറിക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ സംസാരിച്ചതെന്ന് അധ്യാപിക സുപ്രീന പറയുന്നു. തന്നോട് മറ്റ് അധ്യാപകർ മോശമായി സംസാരിക്കുന്നത് കണ്ടതു കൊണ്ടാണ് ഭർത്താവ് ഇടപെട്ടത്. ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപിക അറിയിച്ചു. ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻടിയുവിന്റെ നേതാവാണ് അക്രമം നടത്തിയ ഷാജി. സുപ്രീനയും ഇതേ സംഘടനയുടെ ഭാരവാഹിയാണ്. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താൻ സ്കൂളിലെത്തിയത് എന്നാണ് ഷാജിയുടെ പ്രതികരണം.