സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി കിട്ടാത്തതിൽ പ്രതിഷേധിച്ച് പ്രധാന അധ്യാപകർ സമരം ചെയ്തു

ഇടുക്കി: സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി കിട്ടാത്തിൽ പ്രതിഷേധിച്ച് പ്രധാന അധ്യാപകർ കാലിച്ചാക്കുകളുമായി സമര രംഗത്തിറങ്ങി. തൊടുപുഴയിലുള്ള ഇടുക്കി ജില്ല വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിലാണ് എയ്‌ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകർ സമരം ചെയ്തത്.

എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപായി സ്ക്കൂളുകളിൽ ഉച്ച ഭക്ഷണത്തിനാവശ്യമായ അരി സിവിൽ സപ്ലൈസ് വകുപ്പ് എത്തിക്കാറുള്ളതാണ്. ഓരോ മാസവും ചിലവായ അരിയുടെയും അവശേഷിക്കുന്നതിൻറെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ജില്ല സപ്ലൈ ഓഫീസർക്ക് കൈമാറുന്നതാണ്. ഇതനുസരിച്ചാണ് ഓരോ ആവശ്യമായ അരിയെത്തിക്കുക. എന്നാൽ ഇത്തവണ മാസവസാനം ആയിട്ടും അരി സ്ക്കൂളുകളിൽ എത്തിയിട്ടില്ല. ഇതോടെയാണ് കാലിച്ചാക്കുമായി പ്രധാന അധ്യാപകർ സമരം രംഗത്തെത്തിയത്.

സ്‌കൂൾ തുറന്ന ജൂൺ മാസത്തിലും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അറക്കുളത്തുള്ള സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും നിന്നും അരി കയറ്റി വിടുന്നതിനുള്ള കൂലിത്തർക്കം മൂലം മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും കൃത്യമായി അരിയെത്താത്തതാണ് കരാണം. ഇതോടെ കയ്യിൽ നിന്നും പണം മുടക്കി കടകളിൽ നിന്നും അരി വാങ്ങേണ്ട സ്ഥിതിയിലാണ് സ്‌കൂൾ അധികൃതർ. സ്‌കൂളുകളിൽ ഉച്ച ഭക്ഷണം മുടങ്ങിയാൽ ഏറ്റവും കൂടുതൽ കഷ്ടത്തിലാകുന്നത് തോട്ടം മേഖലയിലെയും ആദിവാസി മേഖലയിലെയും പാവപ്പെട്ട കുട്ടികളാണ്.

YouTube video player