37 മണിക്കൂറിനൊടുവിൽ13 കാരിയെ കണ്ടെത്തി; കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്തേക്ക്
പുലർച്ചെ നാലുമണിയോടെ പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പോകും.
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെടും. ഇന്നലെ രാവിലെ അമ്മയോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങി, പിന്നീട് കാണാതായ പെൺകുട്ടിയെ 37 മണിക്കൂർ നേരത്ത തെരച്ചിലിനൊടുവിൽ ഇന്ന് വൈകിട്ടോടെ വിശാഖപട്ടണത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടി ഇപ്പോൾ ആർപിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു.
അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പുലർച്ചെ നാലുമണിയോടെ പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പോകും. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം പൊലീസ് വഴി ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പൊലീസ് അറിയിച്ചു.