തിരുവനന്തപുരം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്‍റെ അനുമതി വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പി ജെ ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗികമായി ചർച്ച നടത്തിയെന്നും മീണ അറിയിച്ചു. 

പി ജെ  ജോസഫിനെ പാർട്ടി ചെയർമാനായി അംഗീകരിച്ച് ചിഹ്നം സ്വീകരിക്കാൻ ജോസ് പക്ഷം തയ്യാറാകാത്തതും നിയമപ്രശ്നവും കാരണം സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചനകള്‍. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാലായില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കുമെന്ന് പി ജെ ജോസഫ് ഇന്ന് വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ രണ്ടില ചിഹ്നത്തില്‍ സാങ്കേതിക തടസമുണ്ടെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. യുഡിഎഫിന്‍റെ പ്രചാരണത്തിൽ പങ്കെടുക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ 'രണ്ടില'ച്ചിഹ്നത്തിൽ സാങ്കേതിക തടസ്സമുണ്ട്. ഇത് ചെന്നിത്തല തന്നെ വ്യക്തമാക്കിയതാണെന്ന് ജോസഫ് പ്രതികരിച്ചിരുന്നു.

രണ്ടില ചിഹ്നത്തിലേ പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കൂ എന്ന നിർബന്ധമൊന്നുമില്ലെന്ന് നേരത്തെ രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ചിഹ്നത്തിന്‍റെ കാര്യത്തിൽ നിയമോപദേശം തേടുന്നുണ്ട്. യുഡിഎഫ് മികച്ച വിജയം തന്നെ പാലായിൽ നേടും. പി ജെ ജോസഫ് യുഡിഎഫിനൊപ്പം ഉണ്ട്. മാണി സാർ തന്നെയാണ് ചിഹ്നമെന്നും ചെന്നിത്തലയുടെ പ്രതികരണം.