തിരുവനന്തപുരം: സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഒരുമിക്കാൻ തീരുമാനിച്ച യുവതീയുവാക്കളുടെ വിവാഹം ടെലിവിഷൻ അവതാരകയായ ശ്രീജ നായർ തടയാൻ ശ്രമിച്ചത് വിവാദമായി. രണ്ട് മതവിഭാഗങ്ങളിൽപ്പെട്ട യുവതീയുവാക്കളുടെ വിവാഹം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജ നായർ തടസപ്പെടുത്താൻ ശ്രമിച്ചത്. വിവാഹിതരാകാൻ തീരുമാനിച്ച ചെറുപ്പക്കാരുടെ ചിത്രങ്ങളും വിലാസവും അടങ്ങിയ നോട്ടീസ് സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ചിരുന്നു. ഈ നോട്ടീസിന്‍റെ പകർപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷം ഹിന്ദു ഹെൽപ്‍ലൈൻ എന്ന സംഘടനയെ വിവാഹ വിവരം അറിയിക്കണമെന്നും ശ്രീജ നായർ ആഹ്വാനം ചെയ്തു. അങ്ങനെ ചെയ്താൽ ചിലപ്പോൾ ഒരു കുടുംബം രക്ഷപ്പെടും എന്നായിരുന്നു ശ്രീജയുടെ കുറിപ്പ്. സന്ദീപ് എന്നൊരാളുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് ഇവർ പകർത്തുകയായിരുന്നു എന്നാണ് സൂചന.

ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിൽ പതിച്ച നോട്ടീസാണ് ശ്രീജയുടെ ആഹ്വാനപ്രകാരം പ്രചരിപ്പിക്കുന്നത്. ഇതിനെ തുടർന്ന് ശ്രീജ നായരുടെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നു. 'എന്തിനാണിങ്ങനെ വർഗ്ഗീയത പരത്തുന്നത്? സ്‌പെഷ്യൽ മാര്യേജ് ആക്ടിനെ അധിക്ഷേപിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്' എന്നിങ്ങനെ ശ്രീജ നായരെ രൂക്ഷമായി എതിർത്തും എതിർക്കുന്നവരെ വർഗ്ഗീയമായി വിമർശിച്ചും പോസ്റ്റിന് ചുവടെ ചേരിതിരിഞ്ഞ് വാക്പോരും തുടങ്ങി. അതേസമയം ശ്രീജ നായരുടെ ഫേസ്ബുക്ക് ആഹ്വാനം സ്വീകരിച്ച ചിലർ ഈ യുവാക്കളുടെ വിവാഹം മുടക്കിയതായും അവകാശപ്പെടുന്നു.

പ്രായപൂർത്തിയായ ചെറുപ്പക്കാരുടെ വിവാഹം ഹിന്ദു ഹെൽപ്‍ലൈൻ എന്ന സംഘടനയെ ഉപയോഗിച്ച് തടയാൻ ശ്രമിച്ചതിനെതിരെ സാമൂഹ്യപ്രവർത്തകരും രംഗത്തെത്തി.

വർഗ്ഗീയതയുടെ ആൾക്കൂട്ട നീതിയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

രണ്ട് മതവിഭാഗങ്ങളിൽ പെട്ടവർക്ക് മതം മാറാതെതന്നെ വിവാഹം കഴിക്കാനുള്ള നിയമപരമായ സാധ്യതയാണ് സ്പെഷ്യൽ മാര്യേജ് ആക്ട് എന്ന് അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ ഹരീഷ് വാസുദേവൻ പറഞ്ഞു. പ്രായപൂർത്തിയായ രണ്ട് ചെറുപ്പക്കാർ മതം മാറാതെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നത്  ഒരു മതേതര സമൂഹത്തിന് നൽകാനാകുന്ന ഏറ്റവും നല്ല മാതൃകയാണ്. അതിനെ തടസപ്പെടുത്തും എന്ന പരസ്യമായ വർഗ്ഗീയ വെല്ലുവിളിയാണ് ഉണ്ടായിക്കുന്നതെന്ന് ഹരീഷ് വാസുദേവൻ പറഞ്ഞു. ഇന്ത്യൻ മതേതരത്വത്തിന് എതിരായ പരസ്യമായ വെല്ലുവിളിയും വർഗ്ഗീയതയുടെ ആൾക്കൂട്ട നീതിക്കുള്ള ശ്രമമാണ് നടക്കുന്നത്. ഇത് ഒറ്റപ്പെട്ട ശ്രമമല്ലെന്നും സമാനമായ കൂട്ടായ പരിശ്രമങ്ങൾ സമൂഹമാധ്യമത്തിൽ ധാരാളം നടക്കുന്നുണ്ടെന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.

വർഗ്ഗീയത ചെറുക്കാൻ നിയമനിർമ്മാണം വേണം

അതേസമയം ഇത്തരം സാമൂഹ്യവിരുദ്ധ, വർഗ്ഗീയ നീക്കങ്ങൾ തടയാൻ നിലവിലെ നിയമത്തിന് പരിമിതിയുണ്ടെന്ന് ഹരീഷ് വാസുദേവൻ പറഞ്ഞു. പൗരന്‍റെ മൗലികാവകാശങ്ങൾ തടയുന്ന  ഈ തരം വർഗ്ഗീയ പ്രചാരണങ്ങളെ തടയാൻ കേരളാ പൊലീസ് ആക്ട് ഭേദഗതി ചെയ്യണമെന്ന് ഹരീഷ് ആവശ്യപ്പെട്ടു. മോറൽ പൊലീസിംഗിനെതിരെ ഒറ്റക്കെട്ടായി നിയമം നിർമ്മിച്ച സംസ്ഥാനമാണ് കേരളം. മിശ്രവിവാഹങ്ങൾക്കെതിരെ നടക്കുന്ന സംഘടിത നീക്കങ്ങൾ ചെറുക്കുന്നതിന് നിയമം നിർമ്മിക്കുന്ന കാര്യത്തിലും കേരളാ നിയമസഭയിൽ ഏകാഭിപ്രായം ഉണ്ടാകാനേ ഇടയുള്ളൂ. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഏതെങ്കിലും അംഗങ്ങൾ ഇക്കാര്യം സ്വകാര്യ ബില്ലായി ഉന്നയിക്കുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ഹരീഷ് വാസുദേവൻ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നിയമനിർമ്മാണം നടത്തണമെന്നും ഹരീഷ് ആവശ്യപ്പെടുന്നു.

മതേതരത്വത്തിന് എതിരായ പരസ്യ വെല്ലുവിളിയെന്ന് അഡ്വ.മായാ കൃഷ്ണൻ

മതരഹിതമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്പെഷ്യൽ മാര്യേജ് ആക്ടിന്‍റെ അന്തസത്തയെന്നും അതിനെ മതത്തിന്‍റെ പേരിൽ തടയുന്നത് നിയമവിരുദ്ധമാണെന്നും അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ മായ കൃഷ്ണൻ പറഞ്ഞു. മുമ്പ് വിവാഹിതരായിട്ടുണ്ടോ, നിയമം മൂലം വിലക്കപ്പെട്ട രക്തബന്ധത്തിൽ പെട്ടവരാണോ വിവാഹിതരാകുന്നത് എന്നിങ്ങനെ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അറിയിക്കാനാണ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് നോട്ടീസ് ബോർഡിൽ ഇടുന്നത്. എന്നാൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ വിവാഹം തടയണം എന്ന പൊതു ആഹ്വാനം വർഗ്ഗീയമായി സമൂഹത്തെ വിഭജിക്കാനുള്ള ശ്രമമായി കണ്ട് സർക്കാർ ഇടപെടണമെന്ന് മായാ കൃഷ്ണനും ആവശ്യപ്പെടുന്നു.