കേസുമായി ബന്ധപ്പെട്ട് വടക്കുംനാഥന്‍ ആഘോഷക്കമ്മിറ്റിക്കെതിരെ മുന്‍വിധിയോടെയാണ് പൊലീസ് കേസന്വേഷിക്കുന്നത് എന്നാണ് പരാതി.

തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച് മുപ്പതോളം വീട്ടമ്മമാര്‍ രംഗത്ത്. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും നീതിയാവശ്യപ്പെട്ട് സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം.

പാലക്കാട്, തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയിലുള്ള ഒറ്റപ്പിലാവ് കാളിന്ദി നഗറില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. ചാലിശ്ശേരി പാലത്തിന് സമീപം പഴയ വില്ലേജ് ഓഫീസ് പരിസരത്തു വെച്ച് യുവധാര പൂരാഘോഷ കമ്മിറ്റിയുടേയും വടക്കുംനാഥന്‍ ആഘോഷക്കമ്മിറ്റിയുടേയും പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.

കേസുമായി ബന്ധപ്പെട്ട് വടക്കുംനാഥന്‍ ആഘോഷക്കമ്മിറ്റിക്കെതിരെ മുന്‍വിധിയോടെയാണ് പൊലീസ് കേസന്വേഷിക്കുന്നത് എന്നാണ് പരാതി. ഇതിനെതിരെ പൊലീസ് സ്റ്റേഷനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് വടക്കുംനാഥന്‍ പൂരാഘോഷക്കമ്മിറ്റിയെ അനുകൂലിക്കുന്ന സ്ത്രീകള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചാലിശേരി പൊലീസ് പറഞ്ഞു. സംഘട്ടനവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തിനെതിരേയും കേസെടുത്തിട്ടുണ്ടെന്നും രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും ചാലിശേരി എസ്.എച്ച്.ഒ അറിയിച്ചു.

Read More:ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് കൊടിയേറി; ഒരുക്കങ്ങള്‍ പൂര്‍ണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം