താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടുന്നതിനപ്പുറം സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഒന്നും ചെയ്യനാകില്ലെന്നാണ് വിലയിരുത്തല്‍. 

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ താത്കാലിക ഡ്രൈവർമാരെ ഉടൻ പിരിച്ച് വിടില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് പ്രതിദിനം അറന്നൂറോളം സര്‍വ്വീസുകള്‍ മുടങ്ങുന്ന സഹാചര്യമുണ്ടാകും. എന്നാൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ സർക്കാരിന് സമയം ലഭിക്കുമെന്നും പിരിച്ച് വിടൽ തിരുമാനം ഉടൻ ഉണ്ടാവില്ലെന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 

565 താത്കാലിക ഡ്രൈവര്‍മാരെ ഈ മാസം 30നകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടത്. ഇത്രയും ഡ്രൈവര്‍മാരെ ഒന്നിച്ച പരിച്ചുവിടുന്നത് വലിയ പ്രതിസനിധിയുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. 

നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ സ്ഥിരനിയമനങ്ങള്‍ കെഎസ്ആർടിസിക്ക് വലിയ ബാധ്യതയുണ്ടാകും. കെഎസ്ആർടിസിയിലെ ജീവനക്കാരുടെ അനുപാതം കുറക്കണമെന്ന് ശുപാർശ ചെയ്യുന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ടും നിലവിലുണ്ട്. 

താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടുന്നതിനപ്പുറം സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഒന്നും ചെയ്യനാകില്ലെന്നാണ് വിലയിരുത്തല്‍. താത്കാലിക ‍‍ഡ്രൈവർമാരെ പിരിച്ചുവിട്ടില്ലെങ്കില്‍ അത് താത്കാലിക കണ്ടക്ടര്‍മാരുടെ കാര്യത്തിലും ബാധകമാക്കേണ്ടി വരും.

സ്ഥിര ജീവനക്കാര്‍ക്ക് പോലും ശമ്പളം മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയമനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ പോലും പറ്റാത്ത സ്ഥിതിയിലാണ് കെഎസ്ആര്‍ടിസി.