കേരളം ബിവറേജ് ക്യൂകളും ലോട്ടറിക്കടകളും മാത്രമല്ല, മറിച്ച് വൻകിട വ്യവസായങ്ങളുടെ കേന്ദ്രമാണെന്ന് മന്ത്രി പി. രാജീവ്. ആപ്പിൾ ഫോണുകൾ വിപണിയിലിറങ്ങും മുമ്പ് ടെസ്റ്റ് ചെയ്യുന്നത് കേരളത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. 

തിരുവനന്തപുരം: കേരളത്തിൽ വൻകിട വ്യവസായങ്ങൾ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി പി. രാജീവ്. എന്നാൽ നമ്മൾ എന്നും കാണുന്നത് ബിവറേജിലെ ക്യൂവും ലോട്ടറി വിവാദങ്ങളും പെട്ടിക്കടകളുമാണെന്നും അതാണ് പ്രതീതിയെന്നും അദ്ദേഹം പറഞ്ഞു. ആപ്പിൾ ഫോണുകൾ മാർക്കറ്റിൽ ഇറങ്ങുന്നതിന് മുൻപ് അത് ടെസ്റ്റ് ചെയ്യണമെങ്കിൽ കേരളത്തിലെ 'എസ്എഫ് ടെക്നോളജി'യുടെ സംവിധാനം വേണമെന്നും ലോകത്തെ പ്രമുഖമായ ജി.ഇ (GE) കമ്പനിയുടെ എംആർഐ സ്കാനിങ് മെഷീനുകൾ നിർമ്മിക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമ്മാണ കമ്പനിയും, ഏഷ്യയിലെ ഒന്നാമത്തെ ആർട്ടിഫിഷ്യൽ ടീത്ത് (കൃത്രിമ പല്ല്) നിർമ്മാണ കമ്പനിയും പ്രവർത്തിക്കുന്നത് കേരളത്തിലാണ്. ഇന്ത്യയിലെ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രിയുടെ 24 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കെഎസ്ആർടിസി ബസിന്റെ ചില്ല് ഉടഞ്ഞാൽ വലിയ വാർത്തയാകും. എന്നാൽ ലോകോത്തര കമ്പനികൾ ക്യൂ നിന്ന് കേരളത്തിലേക്ക് വരുന്നത് നമ്മൾ അറിയുന്നില്ല. ലോകത്ത് ഏറ്റവും കൂടുതൽ ജിസിസികൾ (Global Capability Centers) നിർമ്മിക്കുന്ന കമ്പനി കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും എത്തുകയാണെന്നും മന്ത്രി പറഞ്ഞു.