ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്

കണ്ണൂര്‍: വിവാദ സിനിമ കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം അതിരൂപത എടുത്തിട്ടില്ല. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ല. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ അതിരൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി. ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്.

ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് അജണ്ട മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പചു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ശക്തമായ നിലപാട് സ്വീകരിച്ച് കേരള സ്റ്റോറിക്കെതിരെ രംഗത്ത് വന്നു. രൂപതാ നേതൃത്വങ്ങളാകട്ടെ ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം ശരിയാണെന്നും ലൗ ജിഹാദിന്‍റെ രൂപത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നും ഇതിനെതിരെയുള്ള ബോധവല്‍ക്കരണമാണ് തങ്ങളുടെ ലക്ഷ്യമെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കേരള സ്റ്റോറി വീണ്ടും ചര്‍ച്ചയായതിലുള്ള സന്തോഷത്തിലാണ് ബിജെപിയും സംഘ് അനുകൂല സംഘടനകളും. തങ്ങളുടെ രാഷ്ട്രീയ ആശയങ്ങള്‍ രൂപതാ നേതൃത്വങ്ങള്‍ അംഗീകരിക്കുന്നതിലാണ് അവര്‍ ആശ്വസിക്കുന്നത്.

കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചുവടുറപ്പിക്കാന്‍ ബിജെപി ഏറെ നാളുകളായി ശ്രമിക്കുന്നെങ്കിലും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. പ്രധാനമന്ത്രിയും ബിജെപി ദേശീയ നേതാക്കളുമെല്ലാം സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുമ്പോഴും മണിപ്പൂരടക്കം വിഷയങ്ങളുയര്‍ത്തി മറ്റ് പാര്‍ട്ടികള്‍ ഇതിനെല്ലാം തടയിട്ടിരുന്നു. എന്നാൽ ഇപ്പോള്‍ കേരള സ്റ്റോറി വിഷയത്തില്‍ ചില രൂപതകളെങ്കിലും സംഘ്പരിവാര്‍ അനുകൂല രാഷ്ട്രീയത്തിലേക്ക് പോകുന്നോ എന്ന സംശയമാണ് സിപിഎമ്മിന്. കേരള വിരുദ്ധമായ പച്ചക്കള്ളമെന്ന് സിനിമക്കെതിരായ നിലപാട് സിപിഎം ആവര്‍ത്തിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്