ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ജോഷി. പെരിങ്ങോം അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കാസര്‍കോട്: ചിറ്റാരിക്കാല്‍ കാറ്റാം കവല മലയോര ഹൈവേയില്‍ കെഎസ്ആര്‍ടിസി ബസ് കയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കാവുംതല സ്വദേശി കപ്പിലുമാക്കല്‍ ജോഷി എന്ന ജോസഫ് ആണ് മരിച്ചത്. 45 വയസായിരുന്നു. കാറ്റാംകവല കയറ്റത്തില്‍ ആളെ കയറ്റാന്‍ ബസ് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് പിറകോട്ട് വന്ന ബസ് ബൈക്ക് യാത്രക്കാരന്‍റെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. തൊട്ടടുത്ത വീടിന്‍റെ ചുമരില്‍ ഇടിച്ചാണ് ബസ് നിന്നത്. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ജോഷി. പെരിങ്ങോം അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

നായാട്ടിനിടെ വെടിയേറ്റു, ആദിവാസി യുവാവിന്റെ മൃതദേഹം കാടിനുള്ളിൽ കുഴിച്ചിട്ട് നായാട്ട് സംഘം

നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്നവർ മൃതദേഹം പോതമേട വനത്തിൽ കുഴിച്ചിട്ടു. ഇടുക്കിയിലാണ് സംഭവമുണ്ടായത്. ഇരുപതേക്കർ കുടിയിൽ മഹേന്ദ്രൻ എന്നയാളാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ‌ വെടിയേറ്റാണ് മരണമെന്നാണ് പൊലീസ് അറിയിക്കുന്ന വിവരം. സംഭവം പുറത്തറിയാതിരിക്കാൻ കൂടെയുണ്ടായിരുന്നവർ മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. 

കഴിഞ്ഞ 28 ആം തിയ്യതിയാണ് മഹേന്ദ്രനെ കാണാതാകുന്നത്. രണ്ടാം തിയ്യതി ബന്ധുക്കൾ ഇയാളെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ മഹേന്ദ്രൻ നായാട്ടിന് പോയിരുന്നതായി കണ്ടെത്തി. പൊലീസ് അന്വേഷണത്തെ കുറിച്ച് അറിഞ്ഞ നായാട്ട് സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ പൊലീസ് സ്റ്റേഷനിലെത്തുകയും വിവരം അറിയിക്കുകയുമായിരുന്നു. നായാട്ടിനിടെ അബദ്ധത്തിൽ മഹേന്ദ്രന് വെടിയേൽക്കുകയാരുന്നുവെന്നും മൃതദേഹം കുഴിച്ചിട്ടുവെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇവിടെയുണ്ടോ എന്നതിൽ വ്യക്തതയില്ല. അടുത്ത മണിക്കൂറുകളിൽ സ്ഥലത്തെ മണ്ണ് മാറ്റി പരിശോധന നടത്തും.