Asianet News MalayalamAsianet News Malayalam

ബഫർസോൺ; കേരളം നാളെ ഹർജി ഫയൽ ചെയ്തേക്കില്ല,അനുകൂല നിലപാടിനുള്ള സാധ്യതകൾ ഉറപ്പാക്കിയശേഷം മാത്രം തുടർ നടപടി

ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്

the buffer zone; Kerala may not file petition tomorrow
Author
Delhi, First Published Jul 17, 2022, 2:55 PM IST

ദില്ലി :ബഫർ സോൺ വിധിയിൽ കേരളം നാളെ ഹർജി ഫയൽ ചെയ്തേക്കില്ല. ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ് . അനൂകൂല നിലപാടിനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കിയ ശേഷം മാത്രമാകും ഹർജി നൽകുക. 

സംരക്ഷിത വനങ്ങളുടെ ചുറ്റളവിൽ ഒരു കിലോ മീറ്റർ പരിസ്ഥിതി മേഖല നിർബന്ധമാക്കിയുള്ള വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനായിരുന്നു ആദ്യ തീരുമാനം. . ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ബഫർ സോൺ നടപ്പാക്കുക എന്നതാണ് കേരളത്തിന്‍റെ നിലപാട്. കൂടാതെ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ പരിമിതികളും ആശങ്കകളും കോടതിയെ അറിയിക്കുകയും വേണം. ജനസംഖ്യ സാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ വിധി നടപ്പാക്കുന്നതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചും കോടതിയെ ബോധ്യപ്പെടുത്തണം. ഇതിനായി തുറന്ന കോടതിയിൽ തന്നെ ഹർജി എത്തുന്ന തരത്തിൽ നീങ്ങാനായിരുന്നു തീരുമാനം.

നിലവിൽ ഇളവ് ആവശ്യപ്പെട്ടുള്ള മോഡിഫിക്കേഷൻ പെറ്റീഷനാണ് കേരളം നൽകാൻ ഉദ്ദേശിച്ചത്. കോടതി നിലപാട് എതിരായാൽ നിയമനിർമ്മാണ് സാധ്യതകളും പരിശോധിക്കാനായിരുന്നു നീക്കം. എന്നാൽ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഉടൻ ഹർജി ഫയൽ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണെത്തിയത്.

കേരളത്തില്‍ വന്യജീവിസങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി 24 കേന്ദ്രങ്ങളാണുളളത്. ഇവയുടെ ഒരോ കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനത്തിനും വന്‍തോതിലുളള നിര്‍മാണങ്ങള്‍ക്കും മില്ലുകള്‍ ഉള്‍പ്പെടെ മലിനീകരണമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാകും നിയന്ത്രണം വരിക. നേരത്തെ ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയായിരുന്നു കേരളം പരിസ്ഥിതി ലോല മേഖല നിര്‍ണയിച്ചിരുന്നത്. 

എന്തുകൊണ്ട് നിലവിലെ നിയമത്തില്‍ ഭേദഗതി ?

1980 ലെ വന സംരക്ഷണ നിയമത്തില്‍ കാതലായ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരുന്നതിനായി 2021 ഒക്ടോബറിലാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് മുന്‍പ് 1988 ല്‍ ഒരുതവണ മാത്രമാണ് നിയമം ഭേദഗതി ചെയ്തത്. പല നിയമങ്ങളും കാലത്തിനനുസരിച്ച് മാറ്റം വരുത്തേണ്ട സമയമായെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലപാട്. കർശന വ്യവസ്ഥകൾ കാരണം പലയിടത്തും വികസന പ്രവർത്തനങ്ങൾ മുടങ്ങുന്നുവെന്നും ഈ സാഹചര്യത്തില്‍ മാറ്റം വരുത്താനാണ് ഭേദഗതിയെന്നുമാണ് കേന്ദ്രം പറയുന്നത്. 

എന്തൊക്കെ മാറ്റങ്ങളാണ് പുതിയ ഭേദഗതിയിലൂടെ കേന്ദ്രം കൊണ്ടുവരുന്നത് 

-1980ന് മുന്‍പേതന്നെ റെയില്‍വേ , റോഡ് മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള വനഭൂമികൾ നിയമത്തിന്‍റെ പരിധിയില്‍നിന്നും ഒഴിവാകും, കാലങ്ങളായി മന്ത്രാലയങ്ങളുടെ ഉടമസ്ഥതയിലുള്ള എന്നാല്‍ ഇതിനോടകം വനമായി മാറിയ ഭൂമി വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് നിയമത്തിലെ കർശന വ്യവസ്ഥകൾ തടസമായിരുന്നു. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇത് മാറും. 
- സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വനഭൂമിക്ക് ഇനി വീടുവയ്ക്കുന്നതിനടക്കം അനുമതി നല്‍കാനാകും. 
- രാജ്യാതിർത്തികൾക്ക് സമീപമുള്ള പ്രതിരോധ സേനയുടെ പദ്ദതികൾക്കായി വനഭൂമി ഉപയോഗപ്പെടുത്താനാകും. 
- പെട്രോൾ, ഗ്യാസ് തുടങ്ങിയ ഖനന പദ്ദതികൾക്ക് കർശന വ്യവസ്ഥകളോടെ വനഭൂമിയില്‍ അനുമതി നല്‍കാനാകും. 
- വനേതര ആവശ്യങ്ങൾക്കായി വനഭൂമി ഉപയോഗപ്പെടുത്തുന്നതിന് നികുതി ചുമത്തുന്നതിലും, തോട്ടഭൂമിയിലെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി നല്‍കുന്നതിലും വ്യവസ്ഥകൾക്ക് മാറ്റം വരും. 

 

Follow Us:
Download App:
  • android
  • ios