2021-ല്‍ തുടങ്ങിവെച്ച റോഡ് പണി അനിശ്ചിതത്വത്തിന്‍റെ പലഘട്ടങ്ങള്‍ കടന്നാണ് 2025-ല്‍ പൂര്‍ത്തിയാക്കുന്നത്.

സുല്‍ത്താന്‍ബത്തേരി: വര്‍ഷങ്ങളോളം യാത്രികരെയും പരിസരവാസികളെയും  പൊടിതീറ്റിച്ചും ചെളിതെറിപ്പിച്ചും ജീവിതം ദുരിതമയമാക്കിയ ബത്തേരി-താളൂര്‍ റോഡിന്‍റെ നിര്‍മാണപ്രവൃത്തികള്‍ ഒടുവില്‍ അന്തിമഘട്ടത്തിലേക്ക് എത്തുകയാണ്. എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ അഞ്ഞൂറ് മീറ്റര്‍ ദൂരം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. 38.5 കോടി ചിലവഴിച്ച് വീതികൂട്ടല്‍, റീടാറിങ്, കള്‍വര്‍ട്ടര്‍ അടക്കമുള്ള നവീകരണ പ്രവൃത്തികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

2021-ല്‍ തുടങ്ങിവെച്ച റോഡ് പണി അനിശ്ചിതത്വത്തിന്‍റെ പലഘട്ടങ്ങള്‍ കടന്നാണ് 2025-ല്‍ പൂര്‍ത്തിയാക്കുന്നത്. പൊതുമരാമത്ത് മന്ത്രി റിയാസ് അടക്കം സന്ദര്‍ശിച്ചിട്ടും റോഡുപണിയില്‍ വേഗത കൈവരിച്ചിരുന്നില്ല. നിലവില്‍ താളൂര്‍ മുതല്‍ മാടക്കര വരെ അഞ്ച് കിലോമീറ്ററും, അമ്മായിപ്പാലം മലങ്കര വയല്‍ മുതല്‍ കോളിയാടി വരെ രണ്ട് കിലോ മീറ്ററും ടാറിങ് പൂര്‍ത്തിയായി കഴിഞ്ഞു. മാത്തൂര്‍ ഓവുപാലം വീതി കൂട്ടി നിര്‍മ്മിച്ചു. ഇവിടെ റോഡില്‍ മണ്ണ് കൊണ്ടുവന്നിട്ട് ഉയര്‍ത്തുന്നതടക്കമുള്ള പ്രവൃത്തികളും നടന്നുവരികയാണ്. റോഡ് പണി നീണ്ടുപോയതോടെ പണി പെട്ടന്ന് പൂര്‍ത്തികരിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളോളം നീണ്ടുനിന്ന നിരാഹാര സമരമടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ പ്രദേശത്ത് ജനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 

പണി വര്‍ഷങ്ങള്‍ നീണ്ടുപോയതിനാല്‍ തന്നെ മഴക്കാലമായാല്‍ ചെളിയിലൂടെയും വേനലില്‍ പൊടിയിലൂടെയും സഞ്ചരിക്കേണ്ട ഗതികേടിലയിരുന്നു യാത്രക്കാര്‍. റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള വീടുകള്‍ പലപ്പോഴും പൊടിയില്‍ മൂടി കിടക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും റോഡ് പണി തീരുന്നതോടെ ഇത്തരം ദുരിതങ്ങളില്‍ നിന്നൊക്കെയാണ് ജനങ്ങളും വാഹനയാത്രികരും മോചിതരാകുന്നത്. ആദ്യം പണി ഏറ്റെടുത്ത കമ്പനിയെ ഒഴിവാക്കി 2023-ല്‍ നിര്‍മാണ ചുമതല ഏറ്റെടുത്ത കമ്പനിയാണ് ഇപ്പോള്‍ പണി ഇതുവരെയെത്തിച്ചിരിക്കുന്നത്. ആദ്യം അനുവദിച്ച 31.04 കോടിക്ക് പുറമെ 2023 ഒക്ടോബറില്‍ റീടെന്‍ഡറിലൂടെ 7.46 കോടി രൂപ കൂടി കൂടുതലായി അനുവദിച്ചിരുന്നു. ആദ്യം ടെന്‍ഡര്‍ ഏറ്റെടുത്ത കമ്പനിയെ നിര്‍മാണം കാലതാമസം വരുത്തിയതിന്‍റെ പേരില്‍ സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. അതേ സമയം പൊതുമരാമത്ത് മന്ത്രി റിയാസ് അടക്കമുള്ളവര്‍ സ്ഥലത്തെത്തി ജനങ്ങള്‍ക്ക് ഉറപ്പുകൊടുത്തിട്ടും തീര്‍ക്കാന്‍ കഴിയാത്ത റോഡ് നവീകരണമാണ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോള്‍ പൂര്‍ത്തിയാകാന്‍ പോകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം