Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ മഴ തുടരുന്നു; കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍, ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

ഇന്നലെ രാത്രി ഉരുള്‍പൊട്ടിയ കുണ്ടല പുതുക്കുടി ഡിവിഷനില്‍ നിന്നും മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ ആളുകളെ രണ്ട് ദുരിതാശ്വാസ ക്യാമ്പിലേക്കായി മാറ്റി. 

the district administration has asked the people to be very careful as it is raining in many places in Munnar
Author
Idukki, First Published Aug 6, 2022, 10:18 PM IST

ഇടുക്കി: മുന്നാറില്‍ പലയിടങ്ങളിലും മഴ പെയ്യുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം. ഇന്നലെ രാത്രി ഉരുള്‍പൊട്ടിയ കുണ്ടല പുതുക്കുടി ഡിവിഷനില്‍ നിന്നും മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ ആളുകളെ രണ്ട് ദുരിതാശ്വാസ ക്യാമ്പിലേക്കായി മാറ്റി. മുന്നാര്‍ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടി ഗതാഗത യോഗ്യമാക്കാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങി.

പുതുക്കുടി ഡിവിഷനിലെ മുഴുവനാളുകളോടും ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പലരും നിരസിച്ചത് വലിയ വെല്ലുവിളായിയിരുന്നു. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ലയങ്ങളിലുമെത്തി ആളുകളെ ഗൗരവം ബോധ്യപ്പെടുത്തി. ഈ രാത്രി എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിലാകും കഴിയുക. പലര്‍ക്കും ദുരന്തത്തിന്‍റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല.

ഇന്നലെ രാത്രി പന്ത്രണ്ടുമണിക്കാണ് ഉരുള്‍പൊട്ടലുണ്ടായത്. രണ്ടുകടകളും ഒരു അമ്പലവും മണ്ണിനടിയില്‍ ആയതൊഴിച്ചാല്‍ കാര്യമായ നാശനഷ്ടങ്ങളൊന്നുമില്ല. കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും നുറിലധികം പേര്‍ താമസിക്കുന്ന ലയങ്ങളുടെ അടുത്തുവരെയെത്തി. ഉരുള്‍പൊട്ടലില്‍ നശിച്ച റോഡ് രണ്ടു ദിവസത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കാനാണ് പൊതുമാരാമത്ത് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇപ്പോഴും മുന്നാറിന്‍റെ പലയിടത്തും മഴ പെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ അതീവ ജാഗ്രത വേണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നത്.

അതേസമയം സംസ്ഥാനത്ത് മഴ ഭീഷണി തുടരുമെന്ന സൂചനയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചന. രാത്രി ഒമ്പത് മണിയോടെ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതാണ് കേരളത്തിൽ മഴ ശക്തമായി തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ - പശ്ചിമ ബംഗാൾ തീരത്തിന് മുകളിലായാണ് ന്യുന മർദ്ദം രൂപപ്പെട്ടത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാനാണ് സാധ്യത. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാലും മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്‍റെയും സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 6 മുതൽ 10 വരെ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios