Asianet News MalayalamAsianet News Malayalam

ബേക്കറി ഉടമയുടെ ആത്മഹത്യ:പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന് കുടുംബം,നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ

തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ രമ്യ പറഞ്ഞു.

The family says that the blade mafia is behind the suicide of the owner of the bakery in Meppadi
Author
Wayanad, First Published Jul 17, 2022, 8:52 AM IST

വയനാട്: മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ്  മാഫിയയാണെന്ന് കുടുംബം. തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ രമ്യ പറഞ്ഞു. ഷിജു ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പണം നല്‍കിയവരിൽ ഒരാൾ കടയിൽ കയറി ആക്രമിച്ചെന്ന് ദൃശ്യങ്ങള്‍ സഹിതം കുടുംബം പൊലീസില്‍ പരാതി നല്‍കി.

ജൂലൈ 12നാണ് മേപ്പാടിയിലെ കെ എസ് ബേക്കറി ഉടമയായ ഷിജു കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചത്. കടബാധ്യതയാണ് ഷിജുവിന്‍റെ മരണത്തിന് കാരണമെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണ് ഷിജുവിന്‍റെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ലോക്‍‍ഡൗൺ കാലത്ത് കച്ചവടത്തിൽ ലക്ഷങ്ങളുടെ നഷ്ടം നേരിട്ടതോടെ ഷിജു ബ്ലേഡുകാര്‍ക്ക് മുന്നിൽ തലവെച്ചു. തിരിച്ചടവ് മുടങ്ങിയതോടെ വീട്ടിലും കടയിലും എത്തി ഗുണ്ടാ സംഘം ഷിജുവിനെ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ രമ്യ പറഞ്ഞു.

ഷിജു ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപ് പണം നൽകിയവരിൽ ഒരാൾ ബേക്കറിയിൽ എത്തി ബഹളമുണ്ടാക്കി. ഷിജുവിനെ പിന്നീട് കയ്യേറ്റം ചെയ്തെന്നും കുടുംബം പറയുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഎം രംഗത്തെത്തി. പതിമൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികളാണ് ഷിജുവിന് ഉള്ളത്. ഷിജുവിന്‍റെ അസ്വഭാവിക മരണത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി മേപ്പാടി പൊലീസ് അറിയിച്ചു.

'വന്‍ തുക തിരിച്ച് കിട്ടും, ബാങ്കോക്കില്‍ വരെ കമ്പനി'; വീണ്ടും കുരുക്കില്‍ വീണ് മലയാളി, 100 കോടിയുടെ തട്ടിപ്പ്

കണ്ണൂർ കൂത്തുപറമ്പിൽ മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. സംസ്ഥാനത്ത് പലയിടങ്ങളില്‍നിന്നായി 100 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങൾ ഉണ്ടെന്ന് കാണിച്ച് മണി ചെയിൻ മാതൃകയിൽ നിക്ഷേപം സ്വീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട് എന്ന പേരിൽ തായ് വാനിലും ബാങ്കോക്കിലും സ്ഥാപനങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ പ്രധാനമായും തട്ടിപ്പ് നടത്തിയത്. മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരിൽ കോഴിക്കോട് ആസ്ഥാനമാക്കി ഒരു കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നെങ്കിലും  അന്വേഷണത്തിൽ അങ്ങനെയൊരു കമ്പനി കണ്ടെത്താനായില്ലെന്ന് പൊലീസ് പറയുന്നു.

മാസത്തിൽ വലിയ തുക തിരിച്ച് കിട്ടുമെന്ന് പറഞ്ഞാണ് ഇയാൾ ആയിരക്കണക്കിന് ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം മുതൽ ഒരു കോടി വരെ ഇയാളുടെ പക്കൽ നിക്ഷേപമായി നൽകിയവർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവിധ ജില്ലകളിൽ ഏജന്‍റുമാരെ ജോലിക്ക് വച്ചാണ് ഇയാൾ നിക്ഷേപം സ്വീകരിച്ചിരുന്നത്.

ആദ്യമാദ്യം പലർക്കും ചെറിയ തുക തിരിച്ചു നൽകിയിരുന്നു. എന്നാൽ പിന്നീട് പണമൊന്നും കിട്ടാതായപ്പോഴാണ് പറ്റിക്കപ്പെട്ടതായി നിക്ഷേപകർക്ക് മനസിലായത്. കുത്തുപറമ്പ് ഭാഗത്ത് മാത്രം നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഇവർ പൊലീസിൽ പരാതി നൽകിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഫൈസൽ നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസിന് വ്യക്തമായത്.

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവേ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പൊലീസിന്‍റെ പിടിയിലാവുന്നത്. കേസിൽ ഈ കമ്പനിയുടെ 12 ഓളം ഡയറക്ടർമാരും പ്രതികളാണ്. അസിസ്റ്റൻറ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios