Asianet News MalayalamAsianet News Malayalam

സുരക്ഷയ്ക്ക് വേണ്ടി കൊച്ചി മെട്രോ പൊലീസിന് നൽകേണ്ട പണം ഒഴിവാക്കി നൽകി സര്‍ക്കാര്‍

കുടിശ്ശിക ഒഴിവാക്കണമെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

The government has waived the money due to the Kochi Metro Police for security
Author
Kochi, First Published Jun 29, 2022, 8:43 PM IST

കൊച്ചി: സുരക്ഷയ്ക്കായി കൊച്ചി മെട്രോ  പൊലീസിന് നൽകേണ്ട തുക ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. 2025 കൊച്ചി മെട്രോയ്ക്ക് പൊലീസ് സുരക്ഷ നൽകുന്ന വകയിൽ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ കുടിശ്ശികയാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. കുടിശ്ശിക ഒഴിവാക്കണമെന്ന് കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങൾ 

ഐ.ടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആനുകൂല്യങ്ങള്‍

കേരള സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഐ.ടി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഐ.ടി ഇതര സ്റ്റാര്‍ട്ടപ്പ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കും. സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റേറ്റ് യുണീക്ക് ഐ.ഡി. യുള്ള സ്റ്റാര്‍ട്ടപ്പുകളുടെ മൊബൈല്‍ ആപ്പുകള്‍, മറ്റ് സോഫ്റ്റ്‌വെയര്‍ ഉല്‍പന്നങ്ങള്‍ മുതലായ ഐ.ടി അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കിവരുന്ന ആനുകൂല്യങ്ങളാണ് ഐ.ടി ഇതര മേഖലകള്‍ക്ക് കൂടി നല്‍കുക. സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പും ഇലക്‌ട്രോണിക്‌സും വിവര സാങ്കേതികവും വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന വ്യവസ്ഥയ്ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായാണ് അനുവദിക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ കാലാവധി സ്റ്റാര്‍ട്ടപ്പ് രജിസ്‌ട്രേഷന്‍ തിയതി മുതല്‍ 3 വര്‍ഷമോ ഉല്‍പന്നത്തിന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അംഗീകാരം നല്‍കിയ തിയതി മുതല്‍ 3 വര്‍ഷമോ ഏതാണ് ഒടുവില്‍ വരുന്നത് അത് നിശ്ചയിക്കും.

സ്റ്റേറ്റ് യുണീക്ക് ഐ.ഡിയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള എല്ലാത്തരം ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകള്‍ക്കുള്ള ധനപരിധി 20 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു. സ്റ്റേറ്റ് യുണീക്ക് ഐ.ഡിയുള്ള വിവിധ മേഖലകളിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലിമിറ്റഡ് ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനുള്ള പരിധി 1 കോടി രൂപയില്‍ നിന്ന് 3 കോടി രൂപയായി ഉയര്‍ത്തും.

ടി.എസ് കനാല്‍ വികസനത്തിന് തുക അനുവദിച്ചു

വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായ ടി.എസ്. കനാലിന്റെ വര്‍ക്കല ഭാഗത്തെ വികസനത്തിന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് കിഫ്ബി ഫണ്ടില്‍ നിന്നും ക്വില്‍ മുഖേന 2,21,98,012 രൂപ അനുവദിക്കും. പുനര്‍ഗേഹം മാതൃക പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട പുനരധിവാസം പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള 36 കുടുംബങ്ങളുടെ പുനരധിവാസത്തിന് 1,61,98,012 രൂപ അനുവദിക്കും. അധികമായി പുനരധിവസിപ്പിക്കേണ്ട 3 കുടുംബങ്ങള്‍ക്ക് 30,00,000 രൂപ നല്‍കും. ഇനിയും ഒഴിഞ്ഞുപോകാത്ത 30 കുടുംബങ്ങള്‍ക്ക് വാടക, മറ്റ് ചെലവുകള്‍ എന്നിവ അധികമായി നല്‍കുന്നതിന് 30,00,000 രൂപയും അനുവദിക്കും.

തിരുവനന്തപുരത്ത് സിഖ് ഗുരുദ്വാര സ്ഥാപിക്കാൻ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു

ഡിജിറ്റല്‍ റീ-സര്‍വ്വേ; പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം

സംസ്ഥാനത്തെ 1,550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ-സര്‍വ്വേ പദ്ധതിക്ക് തത്വത്തില്‍ നല്‍കിയ അനുമതി 858 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. 

ഇടക്കാലാശ്വാസം

കെല്‍ട്രോണിലെ സ്ഥിരം ജീവനക്കാര്‍ക്ക് ഉത്തരവ് തീയതി മുതല്‍ ജോലിയില്‍ പ്രവേശിച്ച തീയതി കണക്കിലെടുക്കാതെ 3,000 രൂപ ഇടക്കാലാശ്വാസം നല്‍കാന്‍ തീരുമാനിച്ചു. 

പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ 25 തസ്തികകള്‍

സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക് സ്‌കൂളില്‍ 25 തസ്തികകള്‍ സൃഷ്ടിക്കും. നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള 14 ജീവനക്കാർക്ക്  സർക്കാർ സർവീസിൽ നിയമനം നൽകും. ബി.എഡ് യോഗ്യതയുള്ളവരും എന്നാല്‍ കെ-ടെറ്റ് യോഗ്യത ഇല്ലാത്തവരുമായ ജീവനക്കാര്‍ക്ക് കെ-ടെറ്റ് നേടുന്നതില്‍ നിന്ന് ഇളവ് അനുവദിക്കും. മറ്റ് ജീവനക്കാരെ അന്തിമതീരുമാനം എടുക്കുന്നതുവരെ ദിവസവേതനാടിസ്ഥാനത്തില്‍ തുടരാൻ അനുവദിക്കും. 

കൊച്ചി മെട്രോ - 80 തസ്തികകളില്‍ എസ്.ഐ.എസ്.എഫില്‍ നിന്ന് വിന്യസിക്കും

കൊച്ചി മെട്രോയില്‍ 2025 വരെ എസ്.ഐ.എസ്.എഫ് സുരക്ഷാംഗങ്ങളെ ബില്‍ ഓഫ് കോസ്റ്റ് വ്യവസ്ഥ ഒഴിവാക്കി വിന്യസിക്കാന്‍ തീരുമാനിച്ചു. സേവനം വിട്ടുകിട്ടുന്നതിന് ചെലവിനത്തില്‍ പോലീസില്‍ അടയ്‌ക്കേണ്ട തുകയാണ് ഒഴിവാക്കിയത്. രണ്ടാംഘട്ടമായി സൃഷ്ടിച്ച 80 തസ്തികകളിലേക്ക് എസ്.ഐ.എസ്.എഫില്‍ നിന്ന് വിന്യസിക്കുന്നതിന് അനുമതി നല്‍കും.

ഇളവ് നല്‍കും

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ഭവനനിര്‍മ്മാണ വായ്പ സംബന്ധിച്ച് പണയാധാരം/ഒഴിമുറി രജിസ്‌ട്രേഷന് മുദ്ര ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചു.

വിശാലകൊച്ചി വികസന അതോറിറ്റിയുടെ അംബേദ്കര്‍ സ്റ്റേഡിയം പദ്ധതിക്ക് ഏറ്റെടുത്ത ഭൂമിക്ക് പകരമായി അനുവദിക്കുന്ന ഭൂമിക്ക് രജിസ്‌ട്രേഷന്‍ ഇളവ് നല്‍കും. 

ശമ്പളപരിഷ്‌ക്കരണം

സംസ്ഥാന സര്‍വ്വവിജ്ഞാകോശം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് പതിനൊന്നാം ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കും.

ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ

14 വര്‍ഷമായി അപൂര്‍വ്വ രോഗം ബാധിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി ലിജോയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 3 ലക്ഷം രൂപ അനുവദിക്കും. കൂടുതല്‍ തുക അനുവദിക്കേണ്ടതുണ്ടെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞ് പരിഗണിക്കും.


മെഡിസെപ്പിന് സ്റ്റേറ്റ് നോഡല്‍ സെല്‍

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പിന് ധനകാര്യ വകുപ്പില്‍ സ്റ്റേറ്റ് നോഡല്‍ സെല്‍ രൂപീകരിക്കും. ആറാം ധനകാര്യ കമ്മീഷന് സൃഷ്ടിച്ച 6 താല്‍ക്കാലിക തസ്തികകള്‍ നിലനിര്‍ത്തി പുനര്‍വിന്യസിക്കും. 10 സാങ്കേതിക തസ്തികകള്‍ സൃഷ്ടിച്ച് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നല്‍കും.

Follow Us:
Download App:
  • android
  • ios