സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി (High Court). പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്നുതന്നെ ഉത്തരവിറക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്‍കി. പണിമുടക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. കേരള സർവ്വീസ് ചട്ടപ്രകാരം സർക്കാരിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ പണിമുടക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം.
പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം പണിമുടക്കുന്നവർക്ക് അവധിയായി ശമ്പളം നൽകാൻ നീക്കമുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 2019 ജനുവരി 8, 9 തിയ്യതികളിൽ പണിമുടക്കിയ ജീവനക്കാർക്ക് അവധിയാക്കി ശമ്പളം നൽകിയ സർക്കാർ നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹാജർ പട്ടിക പരിശോധിച്ച് നടപടിയെടുക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.
- പണിമുടക്കിന്‍റെ ഒന്നാം ദിനം കേരളത്തിൽ 'ഹർത്താൽ'; സംസ്ഥാനം നിശ്ചലമായി, വലഞ്ഞ് ജനം
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനങ്ങളെ വലച്ച് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം. 48 മണിക്കൂർ സമരം ആദ്യ പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ അത് എല്ലാ അർത്ഥത്തിലും ഹർത്താലായി മാറി. കടകൾ തുറന്നില്ല, ഒട്ടുമിക്ക സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയ്ക്കിറങ്ങിയവർ നന്നായി ബുദ്ധിമുട്ടി. കെഎസ്ആർടിസി സർവ്വീസുകൾ നാമമാത്രമായിരുന്നു. നാല് ദിവസത്തെ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അവരും ഇന്ന് നിരത്തിലിറങ്ങിയില്ല.
പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്ക് എത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. അതേസമയം പണിമുടക്ക് ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല. സംസ്ഥാനത്തെല്ലായിടത്തും ഹർത്താൽ പ്രതീതി തന്നെ. ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ആർസിസിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോകേണ്ടവർക്ക് പൊലീസ് വാഹനം ഒരുക്കി.
സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നില്ല. കോഴിക്കോട് മിഠായിത്തെരുവിലും പാളയത്തും വലിയങ്ങാടിയിലും സംസ്ഥാനത്തെ മുഴുവൻ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. തട്ടുകട പോലും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങൾ ചിലയിടങ്ങളിൽ ഓടുന്നുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണം. അവശ്യ സര്‍വ്വീസിനുള്ള സ്ഥാപനങ്ങളൊഴികെയുള്ള വ്യവസായ യൂണിറ്റുകള്‍ കിന്‍ഫ്രയിൽ പ്രവര്‍ത്തിച്ചില്ല. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ ഗേറ്റില്‍ തടഞ്ഞ് തിരിച്ചയച്ചു. ആലപ്പുഴയിൽ ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ അടക്കം സർവീസ് നടത്താത്തത് ജനങ്ങളെ ബാധിച്ചു. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും രാവിലെ സമരാനുകൂലികൾ പ്രകടനമായെത്തി ഹൗസ് ബോട്ട് ജീവനക്കാരോടക്കം പണിമുടക്കിന്‍റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടു. പണിമുടക്കി വിവിധ സംഘടനകൾ സംസ്ഥാനത്തുടനീളം പ്രകടനം നടത്തി.
