ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും അടിത്തട്ടിലുള്ളതും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം. 1950-ലെ തിരുവിതാംകൂർ കൊച്ചി പഞ്ചായത്ത് രാജ് ആക്ട് മുതൽ ഇന്നുവരെയുള്ള കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ വരെ…

നിർണ്ണായകമായ ഒരു രാഷ്ട്രീയ അങ്കത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ് കേരളം. ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കുമുള്ള അടുത്ത അഞ്ചുവര്‍ഷത്തെ ജനഹിതം വ്യക്തമാകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തന്‍റെ പ്രാദേശിക വികസനത്തിന്‍റെ ഗതി നിർണ്ണയിക്കുന്ന ഈ ദിനങ്ങള്‍ സംസ്ഥാന ഭരണകൂടത്തിനുള്ള ഒരു ജനകീയ വിലയിരുത്തൽ കൂടിയാകും എന്നതിൽ സംശയമില്ല. ജനാധിപത്യ പ്രക്രിയയുടെ ഏറ്റവും അടിത്തട്ടിലുള്ളതും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം.

സ്വാതന്ത്രാനന്തരം 1949ലാണ് തിരുവിതാംകൂർ കൊച്ചി പ്രദേശങ്ങളെ സംയോജിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം രൂപീകൃതമാവുന്നത്. ഇതേ തുടര്‍ന്ന് 1950 ല്‍ തിരുവിതാംകൂർ കൊച്ചി പഞ്ചായത്ത് രാജ് ആക്ട് നിലവില്‍ വന്നു. ഇതിലെ വ്യവസ്ഥകൾക്കനുസൃതമായി 1953 ലാണ് ഇവിടെ ആദ്യമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നത്. പഞ്ചായത്തുകൾക്ക് പരിമിതമായ അധികാരങ്ങളും ധനസഹായങ്ങളും മാത്രമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. 1956-ൽ കേരള സംസ്ഥാനം രൂപീകരിച്ച ശേഷം, ഭരണരംഗത്തും നിയമനിർമ്മാണത്തിലും മാറ്റങ്ങൾ വരുത്തുന്നതിനായി 1957ല്‍ ഭരണപരിഷ്‌കരണ കമ്മിറ്റി നിലവില്‍ വന്നു. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു ഈ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. കമ്മിറ്റി അധികാരങ്ങൾ താഴെത്തട്ടിലേക്ക് കൈമാറുന്നതിനും, ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും അധികാര വികേന്ദ്രീകരണത്തിന് ശുപാര്‍ശ ചെയ്തു. ഗ്രാമപഞ്ചായത്തുകളും ജില്ലാ കൗൺസിലുകളും ഉൾപ്പെട്ട ദ്വിതലഭരണ സംവിധാനത്തിനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഈ ശുപാർശകളുടെ അടിസ്ഥാനത്തിൽ, 1960-ൽ കേരള പഞ്ചായത്ത് ആക്ടും, 1961-ൽ കേരള മുൻസിപ്പാലിറ്റി ആക്ടും നിലവിൽ വന്നു. തദ്ദേശസ്വയം ഭരണവകുപ്പിനെ പഞ്ചായത്ത് വകുപ്പ്, മുനിസിപ്പാലിറ്റി വകുപ്പ് എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതായിരുന്നു ഈ നിയമങ്ങള്‍. എന്നാൽ, ജില്ലാ കൗൺസിലുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പല കാരണങ്ങളാൽ നടപ്പിലായില്ല. 1963 ൽ സംസ്ഥാനത്തെ രണ്ടാമത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും 1979 ലും 1988 ലും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളും നടന്നു. 1980ലാണ് ജില്ലാ കൗൺസിലുകൾ സ്ഥാപിക്കാനുള്ള നിയമം വരുന്നത്. 1991ൽ ഇവയിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും, 1994ല്‍ പഞ്ചായത്ത് രാജ് നിയമം വന്നതോടെ ഈ ജില്ലാ കൗൺസിലുകൾ ജില്ലാ പഞ്ചായത്തുകളായി രൂപാന്തരപ്പെട്ടു.

1994ലെ പഞ്ചായത്ത് രാജ് നിയമം

1992 ലെ ഭരണഘടന 73-ാം ഭേദഗതി പ്രകാരം സംസ്ഥാനത്ത് 1994 മാര്‍ച്ച് 24ന് കേരള പഞ്ചായത്ത് രാജ് ആക്ടും 74-ാം ഭേദഗതി പ്രകാരം അതേ വര്‍ഷം മെയ് 30ന് കേരള മുനിസിപ്പാലിറ്റി ആക്ടും നിലവിൽ വന്നു. ഭരണഘടനയുടെ 243K പ്രകാരം കേരള സംസ്ഥാനത്ത് സ്‌റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ 1993 ഡിസംബർ 3 ന് സ്ഥാപിതമായി. തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് 1995 ൽ നടത്തി. 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമാണ് നിലവിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശക്തമായ രൂപീകരണത്തിലേക്ക് കേരളത്തെ നയിച്ചത്.

1994 ലെ കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ആക്ടുകൾ നിലവിൽ വന്നതിനു ശേഷം ഇതുവരെ 6 പൊതുതിരഞ്ഞെടുപ്പുകളാണ് സംസ്ഥാനത്ത് നടന്നത്. ആദ്യ തെരഞ്ഞെടുപ്പ് 1995 സെപ്റ്റംബർ 23, 25 തീയതികളിലായിരുന്നു. 990 ഗ്രാമപഞ്ചായത്തുകളിലായി 10,720 വാര്‍ഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,543 വാര്‍ഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലായി 288 വാര്‍ഡുകളിലേക്കും 55 മുനിസിപ്പാലിറ്റികളിലായി 1432 വാര്‍ഡുകളിലേക്കും 3 കോർപ്പറേഷനുകളിലായി 179 വാർഡുകളിലേക്കുമാണ് ആദ്യമായി പൊതുതെരഞ്ഞെടുപ്പ് നടന്നത്. 1995 ഒക്ടോബർ 2ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപന ഭരണ സമിതികള്‍ നിലവിൽ വന്നു.

2000ത്തില്‍ സംസ്ഥാനത്തെ 991 ഗ്രാമപഞ്ചായത്തുകളിലേക്കും, 152 ബ്ലോക്ക് പഞ്ചായത്തിലേക്കും 14 ജില്ലാപഞ്ചായത്തിലേക്കും 53 മുനിസിപ്പാലിറ്റികളിലേക്കും 5 കോർപ്പറേഷനുകളിലേക്കും മൂന്ന് ഘട്ടങ്ങളിലായി പൊതുതെരഞ്ഞെടുപ്പ് നടന്നു. 2005 ല്‍ സെപ്റ്റംബർ 24, 26 തീയതികളിലായിരുന്നു പൊതു തെരഞ്ഞെടുപ്പ്. 2010 ൽ സർക്കാർ പുതിയ 7 മുനിസിപ്പാലിറ്റികൾ രൂപീകരിച്ചു. ഇടുക്കി ജില്ലയിൽ മൂന്നാർ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡ് ഉൾപ്പെടുത്തി ഇടമലക്കുടി ഗ്രാമപഞ്ചായത്ത് രൂപീകരിച്ചു. സംസ്ഥാനത്തെ ഏക ട്രൈബൽ പഞ്ചായത്താണിത്.

2010 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വാർഡ് പുനർവിഭജനം നടന്നു. 978 ഗ്രാമപഞ്ചായത്തുകളിലായി 16680 വാർഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2095 വാർഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലായി 332 വാർഡുകള്‍, 60 മുനിസിപ്പാലിറ്റികളിലായി 2216 വാർഡുകളികള്‍, 5 കോർപ്പറേഷനുകളിലായി 359 വാർഡുകള്‍ എന്നിങ്ങനെയായിരുന്നു പുനര്‍വിഭജനം. 2010 ഒക്ടോബർ 23, 25 തിയതികളിലായി ഇവിടേക്ക് പൊതു തെരഞ്ഞെടുപ്പ് നടന്നു.

2015 ലെ പൊതുതെരഞ്ഞെടുപ്പിന് മുൻപായി പുതിയ 28 മുനിസിപ്പാലിറ്റികളും, കണ്ണൂർ കോർപ്പറേഷനും രൂപീകരിക്കപ്പെട്ടു. കൊല്ലം ജില്ലയിൽ കൊട്ടാരക്കര, പത്തനംതിട്ട ജില്ലയിൽ പന്തളം, ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്, കോട്ടയം ജില്ലയിൽ പിറവം, കൂത്താട്ടുകുളം, ത്യശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി, പാലക്കാട് ജില്ലയിൽ പട്ടാമ്പി, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, മലപ്പുറം ജില്ലയിൽ താനൂർ, പരപ്പനങ്ങാടി, വളാഞ്ചേരി, തിരൂരങ്ങാടി, കൊണ്ടോട്ടി, കോഴിക്കോട് ജില്ലയിൽ പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, ഫറോക്ക്, വയനാട് ജില്ലയിൽ മാനന്തവാടി, സുൽത്താൻ ബത്തേരി, കണ്ണൂർ ജില്ലയിൽ ഇരിട്ടി, പാനൂർ, ശ്രീകണ്ഠ‌പുരം, ആന്തൂർ എന്നിവയാണ് പുതിയതായി വന്ന മുനിസിപ്പാലിറ്റികൾ. 2015 നവംബർ 12 ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി നിലവിൽ വന്നു.

ഡിസംബർ 8, 10, 14 എന്നീ തീയതികളിലാണ് 2020 ലെ പൊതു തിരഞ്ഞെടുപ്പ് നടന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകളിലേക്കും 14 ജില്ലാപഞ്ചായത്തുകളിലെ 331 വാർഡുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലെ 3078 വാർഡുകളിലേക്കും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളിലേക്കുമാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ നിലവിലുണ്ടായിരുന്ന കൗൺസിലിന്റെ കാലാവധി 2022 സെപ്റ്റംബർ 10 ന് മാത്രമാണ് അവസാനിച്ചിരുന്നത്. അതിനാൽ, അവിടേക്കുള്ള പൊതുതെരഞ്ഞെടുപ്പ് 2022 ആഗസ്‌റ്റ് 20 നാണ് നടത്തിയത്. മട്ടന്നൂർ നഗരസഭയിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി 2027 സെപ്തംബർ 10 നാണ് അവസാനിക്കുക. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് 2021 ജനുവരി 21 ന് നടന്നു.

ഉപതെരഞ്ഞെടുപ്പ്

തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാരുടെയോ കൗൺസിലർമാരുടെയോ മരണം, രാജി, അയോഗ്യത ഇവയില്‍ ഏതെങ്കിലും മൂലമുണ്ടാകുന്ന ആകസ്‌മിക ഒഴിവുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാറുള്ളത്. 2020 ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷം ഇതുവരെ 13 ഉപതെരഞ്ഞെടുപ്പുകൾ നടന്നു. 12 ജില്ലാപഞ്ചായത്ത് വാർഡുകളിലും 33 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 276 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 44 മുനിസിപ്പാലിറ്റി വാർഡുകളിലും 10 കോർപ്പറേഷൻ വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ഈ തെരഞ്ഞെടുപ്പ്

ഡിസംബര്‍ 9, 11 തിയതികളിലായി നടക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകൾ - 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ - 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകൾ - 346 വാർഡുകൾ, 86 മുനിസിപ്പാലിറ്റികൾ - 3205 വാർഡുകൾ, 6 കോർപറേഷനുകൾ - 421 വാർഡുകൾ എന്നിങ്ങനെയാണുള്ളത്. ഒക്ടോബർ 25 ലെ അന്തിമ വോട്ടർ പട്ടിക പ്രകാരം 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ ആകെ 2,84,30,761 വോട്ടർമാരുണ്ട്. പ്രവാസി പട്ടികയിൽ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉൾപ്പെടെ ആകെ 2841 വോട്ടർമാരാണുളളത്.