Asianet News MalayalamAsianet News Malayalam

സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റി, സംഘപരിവാര്‍ ഭീഷണിയെന്ന് സംഘാടകര്‍

 എം കെ രാഘവന്‍ എം പി, മുനവറലി തങ്ങള്‍, കെ കെ രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. 

The organizers said that siddique Kappan s solidarity meeting moved due to threats from Sangh Parivar
Author
First Published Oct 5, 2022, 11:50 AM IST

കോഴിക്കോട്: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമ്മേളനം മാറ്റിയെന്ന് സംഘാടകര്‍. പൗരാവകാശ വേദി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗണ്‍ ഹാളിലായിരുന്നു പരിപാടി നടത്താനിരുന്നത്. എം കെ രാഘവന്‍ എം പി, മുനവറലി തങ്ങള്‍, കെ കെ രമ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പരിപാടിക്ക് എതിരെ ബിജെപി ഡിജിപിക്കും എന്‍ഐഎയ്ക്കും പരാതി നല്‍കിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ജനപ്രതിനിധികളോട് ബിജെപി നേരിട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഹാത്രസിലേക്ക് പോകും വഴി യുപി സർക്കാര്‍ യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട സിദ്ദിഖ് കാപ്പന് കഴിഞ്ഞ മാസം 9 തിനാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. യുപി പൊലീസ് കണ്ടെത്തിയ തെളിവുകള്‍ അപര്യാപ്‍തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ജാമ്യം നല്‍കിയത്. അടുത്ത ആറാഴ്ച കാപ്പൻ ദില്ലിയില്‍ തങ്ങണം എന്ന നിബന്ധനയിലായിരുന്നു ജാമ്യം. എന്നാല്‍, ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ സാധിക്കൂ.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ  ചുമത്തി അറസ്റ്റ് ചെയ്ത കാപ്പൻ 22 മാസമായി ജയിലിൽ തുടരുകയാണ്. മഥുര കോടതിയും അലഹാബാദ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കാപ്പൻ സുപ്രീംകോടതിയിലെത്തിയത്.

യുപി സർക്കാരിന് എന്ത് തെളിവുകളാണ് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ചീഫ് ജസറ്റിസ് യു യു ലളിത് അധ്യക്ഷനായി ബെഞ്ച് ചോദിച്ചിരുന്നു. ഐഡി കാര്‍ഡുകളും ചില ലഘുലേഖകളും കണ്ടെത്തിയെന്നായിരുന്നു യുപി സർക്കാരിന്‍റെ അഭിഭാഷകൻ മഹേഷ് ജഠ്മലാനിയുടെ വാദം. എന്നാല്‍, അമേരിക്കയിലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിന്‍റെ ലഘുലേഖ എങ്ങനെ ഹാത്രസിലെ കലാപത്തിന് തെളിവാകുമെന്ന് സിദ്ദിഖ് കാപ്പന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചു. യുപി സർക്കാരന്‍റെ വാദങ്ങള്‍ അംഗീകരിക്കാതിരുന്ന കോടതി ഇത്രയും കാലം ജയിലില്‍ കിടന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കുകയാണെന്ന് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios