കരുനാഗപ്പള്ളി പുതിയകാവ് ജംഗ്ഷനിൽ ആക്രി പെറുക്കി വിറ്റിരുന്ന ആൾ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വാർത്ത മാധ്യമങ്ങളിൽ കണ്ട റിട്ടേയേർഡ് പൊലീസ് ഉദ്യേഗസ്ഥന് തോന്നിയ സംശയമാണ് 4 വർഷം മുന്നത്തെ കൊലക്കേസിന് തുമ്പുണ്ടാക്കിയത്
പത്തനംതിട്ട: നാല് കൊല്ലം മുമ്പ് പത്തനംതിട്ടയിൽ വയോധികനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിയെ പൊലീസ് കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ മറ്റൊരു കൊലപാതക കേസിൽ അറസ്റ്റിലായ കുളത്തുഴ വിജയനാണ് പത്തനംതിട്ടയിലും കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. കൊലപാതകങ്ങളിലെ സമാനതയാണ് തെളിയാതെ കിടന്ന കേസിൽ പൊലീസിന് പിടിവള്ളിയായത്.
2018 ജനുവരി ഒന്നിനാണ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് പിന്നിൽ അറുപത്തിയൊന്നുകാരനായ പൊടിയനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റിരുന്നയാളായിരുന്നു പൊടിയൻ. കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച നിലയിലായിരുന്നു മൃതദേഹം. എന്നാൽ കേസിൽ പ്രതിയാരാണെന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്നത്തെ ചില സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കല്ലുമായി നടന്ന് വരുന്നത് പൊലീസ് കണ്ടെത്തിയിരുന്നു. പക്ഷെ കൃത്യമായ വിവരങ്ങൾ ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പുതിയകാവ് ജംഗ്ഷനിൽ സമാന രീതിയിൽ ആക്രി പെറുക്കി വിറ്റിരുന്ന ഒരാളെ തലയ്ക്ക് അടിയേറ്റ് ഗുരുതര അവസ്ഥയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷം ഇയാൾ മരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കൊപ്പമുണ്ടായിരുന്ന വിജയനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ വാർത്ത മാധ്യമങ്ങളിൽ കണ്ട റിട്ടേയേർഡ് പൊലീസ് ഉദ്യേഗസ്ഥനാണ് രണ്ട് സംഭവങ്ങളിലേയും സമാനത തിരച്ചറിഞ്ഞത്. തുടർന്ന് 2018ൽ പത്തനംതിട്ടയിൽ നടന്ന കൊലക്കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി കെ.എ.വിദ്യാധരനെ വിവരം അറിയിച്ചു. നിലവിൽ നാർക്കോട്ടിക് വിഭാഗം ഡിവൈസ്പിയായ വിദ്യാധരൻ കരുനാഗപ്പള്ളിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് രണ്ട് കേസിലേയും പ്രതി വിജയൻ തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ കരുനാഗപ്പള്ളിയിലെ കേസിൽ റിമാൻഡിലുള്ള പ്രതിയെ പത്തനംതിട്ടയിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കും.
