കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ നായാട്ടു സംഘത്തിന്റെ സാന്നിധ്യമെന്ന വനം വകുപ്പ് അനുമാനം തള്ളി പഞ്ചായത്ത്. വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുന്നെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. കിംവദന്തികളാണ് വനം വകുപ്പ് പ്രചരിപ്പിക്കുന്നത്. വകുപ്പുകൾക്കിടയിലെ തർക്കം മറയ്ക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അതേ സമയം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കണമല സെന്‍റ് മേരിസ് പള്ളി സെമിത്തേരിയിൽ ആണ് സംസ്കാര ചടങ്ങുകൾ. 2 പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ. എന്നാൽ പോത്തിന് പിടികൂടി കാട്ടിലേക്ക് വിടാമെന്ന നിലപാടിലാണ് വനം വകുപ്പ്. രണ്ടുദിവസമായി മേഖലയിൽ കാട്ടുപോത്തിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കാട്ടുപോത്തിന്റെ കുത്തേറ്റുമരിച്ച കൊല്ലം ഇടമുളയ്ക്കൽ സ്വദേശി സാമുവൽ വര്‍ഗീസിന്റെ സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച്ച നടക്കും. പോസ്റ്റുമോർട്ടം നടപടിക്ക് ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച രാവിലെയാണ് റബ്ബര്‍ തോട്ടത്തിൽ നിന്ന സാമുവലിനെ കാട്ടുപോത്ത് ആക്രമിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ്. സാമുവൽ ഗൾഫിൽ നിന്ന് മടങ്ങി എത്തിയത്. അക്രമത്തിന് ശേഷം താഴ്ചയിലേക്ക് വീണ കാട്ടുപോത്തും ചത്തിരുന്നു. 

Read More: വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം, കോതമംഗലം മഞ്ചപ്പാറയിൽ അഞ്ചംഗ സംഘത്തെ ആക്രമിച്ചു, ഒരാൾക്ക് പരിക്ക്

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News