വീടിന് സമീപത്തെ വൈദ്യുതി ലൈനിലേക്ക് വീണ മരം സാവധാനം വീടിന് മുകളിലേക്ക് പതിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി

മലപ്പുറം: വഴിക്കടവില്‍ കൂറ്റന്‍ മരം കടപുഴകി വീടിന് മുകളില്‍ വീണു. കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള ആദിവാസി കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി. വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചറായ പുഞ്ചക്കൊല്ലി നഗറിലെ പാലക്കടവ് കണ്ണന്റെ വീടിന് മുകളിലാണ് വലിയ പുളിമരം കടപുഴകി വീണത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. മരത്തിന്റെ വേരുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയത് വന്‍ അപകടം ഒഴിവാക്കി. മരം കടപുഴകി വീഴുന്ന സമയത്ത് കൈക്കുഞ്ഞടക്കം പത്തോളം പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. ശബ്ദം കേട്ട് കാരണവരായ കണ്ണന്‍ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയുമായി പുറത്തേക്ക് ഓടുകയായിരുന്നു.

വീടിന് സമീപത്തെ വൈദ്യുതി ലൈനിലേക്ക് വീണ മരം സാവധാനം വീടിന് മുകളിലേക്ക് പതിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇവരുടെ വീടിനോട് ചേര്‍ന്ന് ചുവട് ഭാഗത്ത് നിന്ന് രണ്ടായി വളര്‍ന്ന പുളിമരമാണ് ഉള്ളിലെ കേട് കാരണം മറിഞ്ഞ് വീണത്. മരത്തിന്റെ ഒരു ഭാഗം വീടിന് മുകളിലേക്കും മറുഭാഗം എതിര്‍ദിശയിലേക്കുമാണ് വീണത്. വിവരമറിഞ്ഞ് നെല്ലിക്കുത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലാല്‍ വി. നാഥിന്റെ നേതൃത്വത്തില്‍ വനപാലകരും നാട്ടുകാരും നിലമ്പൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുമെത്തി വൈകിട്ട് നാല് മണിയോടെ മരം മുറിച്ച് മാറ്റി. സമിപത്തെ വൈദ്യുതി ലൈനിലൂടെയാണ് മരം വീണത്. മൂന്ന് വൈദ്യു തി തൂണുകളും തകര്‍ന്നിട്ടുണ്ട്.

YouTube video player