മൂന്നുമാസം കൊണ്ട് സമിതി പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. അതേസമയം വിഴിഞ്ഞം സമരത്തിന് വിദേശ സംഭാവന ലഭിച്ചെന്ന ആരോപണം സമരസമിതി തള്ളി.

തിരുവനന്തപുരം: തീരശോഷണം പഠിക്കാനായി സ്വന്തം നിലയിൽ ജനകീയ പഠന സമിതിയെ നിയോഗിച്ച് വിഴിഞ്ഞം സമരസമിതി. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഷിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മുൻ ഡീൻ ഡോ. കെ.വി.തോമസ് അധ്യക്ഷനായാണ് പഠന സമിതി. മൂന്നുമാസം കൊണ്ട് സമിതി പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കും. അതേസമയം വിഴിഞ്ഞം സമരത്തിന് വിദേശ സംഭാവന ലഭിച്ചെന്ന ആരോപണം സമരസമിതി തള്ളി. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ലത്തീൻ അതിരൂപത അറിയിച്ചു. സമരത്തിന്‍റെ നൂറാം ദിനം മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ കയ്യേറ്റത്തിൽ സമരസമിതി ഖേദം പ്രകടിപ്പിച്ചു.

YouTube video player

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് കേരളത്തിന്‍റെ പൊതുആവശ്യമെന്നായിരുന്നു തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ കണക്കിലെടുത്ത് സമരം പിന്‍വലിച്ച് നാടിന്‍റെ വികസനത്തില്‍ അണിചേരുവാന്‍ തയ്യാറാകണമെന്നും അഹമ്മദ് ദേവര്‍കോവില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ചരക്ക് നീക്കത്തിന്റെ 30 % വിഴിഞ്ഞം അന്താരാഷ്ട്ര കപ്പല്‍ ചാലിലൂടെയാണെങ്കിലും ചരക്ക് നീക്കത്തിന്‍റെ മുക്കാല്‍ പങ്കും നിലവില്‍ കൊളമ്പോയില്‍ നിന്നുമാണ് കൈകാര്യം ചെയ്യുന്നത്. ഇതുവഴി പ്രതിവര്‍ഷം 2,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടെന്നാണ് അനുമാനിക്കുന്നത്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ ഇതില്‍ 1500 കോടിയുടെ ചരക്കുനീക്കം വിഴിഞ്ഞത്തുണ്ടാകുമെന്നാണ് മന്ത്രി വിശദീകരിച്ചത്.

തുറമുഖ നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടത്തിലെ 400 മീറ്ററിന്‍റെ രണ്ട് ബെര്‍ത്തുകള്‍ പ്രവര്‍ത്തനക്ഷമമായാല്‍ തന്നെ ആദ്യവര്‍ഷം ചുരുങ്ങിയത് 200 കോടിയുടെ ക്രയവിക്രയവുമുണ്ടാകും. ഇത് യഥാക്രമം 7822 കോടിയിലെത്തുമെന്നാണ് കണക്ക്. 7700 കോടി രൂപ ചിലവില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ഒരു ദശലക്ഷം ടി ഇ യു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യാന്‍ തുറമുഖം പ്രാപ്തമാകും. അനുബന്ധ വികസനങ്ങളും പതിനായിരക്കണക്കിന് തൊഴില്‍ സാധ്യതകളും വേറെയുമുണ്ടാകും. ഇത് കേരളത്തിന്‍റെ വിശിഷ്യാ തിരുവനന്തപുരത്തിന്‍റെ മുഖഛായ തന്നെ മാറ്റും. കൂടാതെ വിഴിഞ്ഞത്തെത്തുന്ന ചരക്കുകള്‍ ഫീഡര്‍ വെസലുകള്‍ വഴി സംസ്ഥാനത്തെ മറ്റ് ചെറുകിട തുറമുഖങ്ങളിലും എത്തിക്കുവാന്‍ കഴിയുമെന്നും മന്ത്രി വിശദീകരിച്ചു.