Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ ഡ്രൈവറെ മർദ്ദിച്ച് ഓട്ടോ തട്ടിയെടുത്തവർ പിടിയിൽ: ലക്ഷ്യമിട്ടത് ഓട്ടോ പൊളിച്ചു വിൽക്കാൻ

ഇന്നലെ രാതി ഒൻപതരയോടെ നഗരത്തിലെ ബാറിന് സമീപത്തുനിന്ന് വളര്‍കാവ് സ്വദേശി കിരണിനെ നാലുപേര്‍ ഓട്ടം വിളിച്ചത്.

theft gang who attacked auto driver arrested in thrissur
Author
First Published Dec 22, 2022, 7:55 PM IST

തൃശ്ശൂർ: തൃശ്ശൂർ നഗരത്തില്‍ നിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവരെ മര്‍ദ്ദിച്ച് ഓട്ടോറിക്ഷ തട്ടിയെടുത്ത് കടന്നുകളഞ്ഞ നാലു പേരെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. ഓട്ടോ പൊളിച്ചു വില്‍ക്കാന്‍ കോയന്പത്തൂരിലേക്കുപോയ പ്രതികളെ  പൊലീസ് പാലക്കാടുനിന്നാണ്  പിടികൂടിയത്.  

ഇന്നലെ രാതി ഒൻപതരയോടെ നഗരത്തിലെ ബാറിന് സമീപത്തുനിന്ന് വളര്‍കാവ് സ്വദേശി കിരണിനെ നാലുപേര്‍ ഓട്ടം വിളിച്ചത്. കുട്ടനെല്ലൂര്‍ ദേശീയ പാതയിലെത്തിയപ്പോഴേക്കും കിരണിനെ മര്‍ദ്ദിച്ചവശനാക്കി പുറന്തള്ളിയശേഷം ഓട്ടോയുമായി കടന്നു കളഞ്ഞു. പതിനൊന്നു മണിയോടെ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ കിരണ്‍ പരാതി നല്‍കി. ബാറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച സിഐ പി.ലാൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം  പ്രതികളെ  തിരിച്ചറിഞ്ഞു. 

ഇരിങ്ങാലക്കുട സ്വദേശിയായ ഹരിദത്തൻ, വടൂക്കര സ്വദേശിയായ മുഹമ്മദ്, നെടുപുഴ സ്വദേശി കെ എസ് ശ്രീനി, കാട്ടൂർ സ്വദേശി ലിനീഷ് എന്നിവരായിരുന്നു ഓട്ടോ തട്ടിയെടുത്തത്.  മുന്പും പിടിച്ചുപറിക്കേസിലെ പ്രതികളായിരുന്നു ഇവര്‍. അതിലൊരാളുടെ ഫോണ്‍ നന്പര്‍ സ്റ്റേഷനിലുണ്ടായിരുന്നു. നന്പര്‍ പരിശോധിച്ചതില് പട്ടിക്കാട് ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. പന്നിയങ്കര ടോള്‍ പ്ലാസയില്‍ നിന്നും പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. 

പിന്നാലെ പാഞ്ഞ പൊലീസ് സംഘമെത്തിയത് കണ്ണാടിയിലെ ക്ഷേത്ര മൈതാനത്തായിരുന്നു. അവിടെ ഓട്ടോ പാര്‍ക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്നു പ്രതികള്‍. ഒരാളെ ഓട്ടോ റിക്ഷയില്‍ നിന്നും മറ്റുള്ളവരെ തൊട്ടടുത്ത ആല്‍ത്തറയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. കോയന്പത്തൂരിലേക്ക് കൊണ്ടുപോയി ഓട്ടോ വില്‍പന നടത്താനായിരുന്നു പ്ലാന്‍. വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നവരെ പ്രതികള്‍ക്ക് പരിചയമുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios