Asianet News MalayalamAsianet News Malayalam

വീടുകളിൽ ആളില്ലാത്ത സമയത്ത് കൃത്യമായി മോഷണം; മുഖംമൂടി സംഘത്തിന് പ്രാദേശിക സഹായം സംശയിച്ച് പൊലീസ്

വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കവർച്ച ശ്രമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വീട്ടുകാരില്ലാത്ത സമയം നോക്കിയാണ് കവർച്ച നടന്നത് എന്നതിനാൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്

theft was during when family members are away from houses local support is suspected at various cases
Author
First Published Apr 23, 2024, 8:56 AM IST

കാസർകോട് ജില്ലയില്‍ കവര്‍ച്ചാ പരമ്പര. ഉപ്പള സോങ്കാലിലും തൃക്കരിപ്പൂരിലും വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. കഴിഞ്ഞ ദിവസവും നെല്ലിക്കട്ടയിലും വീട് കുത്തി തുറന്ന് സ്വർണവും പണവും കവർന്നിരുന്നു.

ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ പ്രവാസിയായ ബദറുൽ മുനീറിന്റെ വീട് കുത്തിത്തുറന്നാണ് സ്വർണ്ണവും പണവും മോഷ്ടിച്ചത്. അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കള്ളന്മാർ കൊണ്ടുപോയി. ബദറുല്‍ മുനീറിന്റെ ഭാര്യയും രണ്ടു കുട്ടികളും പിതാവിൻറെ വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച. മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച വീട്ടുടമയുടെ സഹോദരൻ റാഷിദിനെ ആക്രമിച്ചാണ് മുഖംമൂടി സംഘം രക്ഷപ്പെട്ടത്. സിസിടിവിയില്‍ കള്ളന്മാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃക്കരിപ്പൂർ പരത്തിച്ചാലിലെ എംവി രവീന്ദ്രന്റെ വീട് കുത്തിത്തുറന്ന് ആറ് പവൻ സ്വർണാഭരണങ്ങളും 15,000 രൂപയുമാണ് കവർന്നത്. കുടുംബാംഗങ്ങൾ ബംഗളൂരുവിലെ മകളുടെ വീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാരില്ലാത്ത സമയം നോക്കിയാണ് കവർച്ച നടന്നത് എന്നതിനാൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നെല്ലിക്കട്ട സാലത്തടുക്കയിലെ യശോദയുടെ വീട്ടിൽ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും 6200 രൂപയുമാണ് മോഷ്ടിച്ചത്. വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്നാണ് കള്ളന്മാർ അകത്തു കയറിയത്. വീട്ടുകാര്‍ നെക്രാജെയിലെ വയനാട്ട് കുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് പോയിരുന്ന സമയത്താണ് മോഷണം നടന്നത്

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കുമ്പള ശാന്തി പള്ളത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണാഭരണങ്ങളും വിദേശ കറൻസുകളും കവർന്നത്. ജില്ലയിൽ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ കവർച്ച ശ്രമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios