ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ പ്രധാന വാദം.
കൊച്ചി: ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി. കേസിൽ കക്ഷിചേരാനുള്ള പുതിയ അപേക്ഷയിൽ വാദം കേട്ടശേഷം വിധി പ്രസ്താവിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ വ്യക്തമാക്കി. സർവ്വകലാശാല സെനറ്റ് അംഗം എസ് ജയറാം ആണ് ഇന്ന് കക്ഷിചേരാൻ അപേക്ഷ നൽകിയത്. ഗവർണര്‍ക്കെതിരായ ഹർജിയിൽ ഉത്തരവിടുന്നതിന് മുൻപ് തന്നെകൂടി കേൾക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. തുടർന്നാണ് അടുത്ത വ്യാഴാഴ്ച ഹർജിയിൽ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കിയത്. വി സി നിയമനം വൈകുന്നതിനെതിരെ നേരത്തെ ജയറാം നൽകിയ ഹർജിയിൽ മൂന്ന് മാസത്തിനകം സെർച്ച് കമ്മിറ്റി രൂപീകരിക്കണമെന്ന് സർവകലാശാലയ്ക്ക് സിംഗിൾ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു.

ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് സെനറ്റ് അംഗങ്ങളുടെ പ്രധാന വാദം. എന്നാൽ വി സി നിയമനത്തിനുള്ള സർച്ച് കമ്മിറ്റി അംഗത്തെ നോമിനേറ്റ് ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് ‘പ്രീതി’ പിൻവലിക്കേണ്ടി വന്നതെന്നും സെനറ്റ് അംഗങ്ങൾ തനിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്നും ഗവർണര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രീതി പിൻവലിക്കൽ വ്യക്തിപരമാകരുതെന്നും നിയമപരമായി മാത്രമേ അതിന് പ്രസക്തിയുളളുവെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. ഗവർണറുടെ നടപടി നിയമ വിരുദ്ധമാണെന്നാണ് ഹർജിക്കാർ കോടതിയെ അറിയിച്ചത്. വി സിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണര്‍ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാൻസലർ സെനറ്റ് അംഗങ്ങളെ പിൻവലിച്ചതും വി സി നിയമനത്തിന് സർച്ച് കമ്മിറ്റി രൂപീകരിച്ചതും. എന്നാൽ ഈ നടപടി റദ്ദാക്കണമെന്നാണ് 15 സെനറ്റ് അംഗങ്ങളുടെയും ആവശ്യം.
