മുകേഷിനെതിരായ ആരോപണത്തിൽ കണ്ണടയ്ക്കുന്നു, പരാതിയിലും നപടിയില്ല; മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണമെന്ന് ബിജെപി
പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പൊലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്.
കോട്ടയം: കേരളത്തിൽ സ്ത്രീ സുരക്ഷ അവതാളത്തിലാണെന്നും മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നടൻ സിദ്ദിഖിനെതിരായി പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് അതിക്രമത്തിനിരയായ അതിജീവിത പറഞ്ഞത്. പൊലീസിൽ പരാതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു നേരത്തെ മന്ത്രിമാർ പറഞ്ഞിരുന്നത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടത്. പൊലീസിൽ നിന്നും മോശം സമീപനം ആണ് ഉണ്ടായത് എന്നാണ് അതിജീവിത പറയുന്നത്. ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ മുഖ്യമന്ത്രിക്ക് ആവില്ല. മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രിയായി ഇരിക്കാൻ യോഗ്യതയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മന്ത്രിമാർ പറഞ്ഞത് ആരും തന്നെ പരാതി നൽകിയിട്ടില്ല എന്നാണ്. എന്നാൽ അതിജീവിതയുടെ തുറന്നുപറച്ചിലിലൂടെ മന്ത്രിമാരുടെ വാദങ്ങൾ പൊള്ളയാണെന്ന് മനസ്സിലായിരിക്കുകയാണ്.
ഇപ്പോൾ സർക്കാർ പറയുന്നത് ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് മാത്രം കാര്യമില്ല ബുദ്ധിമുട്ട് അനുഭവിച്ചവരെല്ലാം പൊലീസിൽ പരാതി നൽകണമെന്നാണ്. വിചിത്രമായ വാദമാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വെറും കടലാസ് റിപ്പോർട്ടാണെങ്കിൽ മുഖ്യമന്ത്രി അത് ജനങ്ങളോട് തുറന്നു പറയണം. കൊല്ലം എംഎൽഎ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിലും സർക്കാർ ബോധപൂർവ്വം കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്. കേന്ദ്രത്തിൽ മന്ത്രിയായിരുന്ന എം ജെ അക്ബറിന് ഒരു മീറ്റ് ടു ആരോപണത്തിന്റെ പേരിൽ രാജിവെക്കേണ്ടി വന്നു.
അന്ന് ഇടതുപക്ഷവും കോൺഗ്രസ്സും എല്ലാം അക്ബറിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം നടത്തി. എന്നാൽ കേരളത്തിൽ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും സിപിഎം മൗനം അവലംബിക്കുകയാണ്. സിദ്ദിഖിന്റെ കാര്യത്തിൽ കോൺഗ്രസ്സും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. കേരളത്തിൽ സ്ത്രീ സുരക്ഷ സമ്പൂർണ്ണമായി ചോദ്യം ചെയ്യപ്പെടുകയാണ്.
സർക്കാർ തന്നെ വേട്ടക്കാർക്ക് ഒപ്പം നിൽക്കുകയാണ്. സർക്കാറിന് താൽപര്യമുള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ബംഗാളിലെ സിപിഎം സഹയാത്രികയായ നടി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിട്ടും സിപിഎമ്മിന്റെ ഏറ്റവും ഉയർന്ന വനിതാ നേതാവായ വൃന്ദ കാരാട്ട് പോലും എത്ര ലാഘവത്തോടെയാണ് സംസാരിക്കുന്നത്. മന്ത്രി വീണാ ജോർജ് വാചക കസർത്ത് മാത്രമാണ് നടത്തുന്നത്. പരാതി പറയാനെത്തുന്നവരെ അധിക്ഷേപിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ആക്ഷേപം കനത്തതോടെ സർക്കാർ സമ്മർദത്തിൽ; അന്വേഷിക്കാൻ പ്രത്യേക സംഘം, പരാതിയിൽ ഉറച്ചു നിന്നാൽ കേസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം