ചാലക്കുടി: ചായ വാങ്ങിക്കൊടുക്കാത്തതിൽ കുപിതനായ പ്രതി, പോലീസുകാരനെ വിലങ്ങു കൊണ്ട് തല്ലി. ചാലക്കുടി കോടതിയിൽ ആണ് സംഭവം. മോഷണ കേസിൽ പിടിയിലായ കൊല്ലം സ്വദേശി രാമചന്ദ്രനെതിരെ പോലീസ് കേസ് എടുത്തു.

മോഷണക്കേസിൽ ചാലക്കുടി കോടതിയില്‍ ഹാജരാക്കാനാണ് രാമചന്ദ്രനെ എത്തിച്ചത്.  തിരുവനന്തപുരത്തെ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാളെ ചാലക്കുടിയില്‍ നേരത്തെ നടന്ന മോഷണക്കേസിന്റെ വിചാരണക്കാണ് എത്തിച്ചത്. കോടതിയിൽ കയറുന്നതിനു തൊട്ടുമുൻപ് രാമചന്ദ്രൻ ചായ കുടിക്കണം എന്ന് ആവശ്യപ്പെട്ടു. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം ചായ കുടിക്കാമെന്ന് പൊലീസുകാരനായ പ്രപിൻ മറുപടി നൽകി. ഇതിൽ കുപിതനായ രാമചന്ദ്രൻ കോടതി യുടെ അകത്തു വച്ച് വിലങ്ങ് അഴിക്കുന്നതിനിടെ പ്രപിനെ മർദ്ദിക്കുകയായിരുന്നു.

പോലീസുകാരനെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ചാലക്കുടി പോലീസ് കോടതിയില്‍ എത്തി പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ആശുപത്രിയില്‍ കഴിയുന്ന പോലീസുകാരന്റെ നില തൃപ്തികരമാണ്. പോലീസുകാരനെ മര്‍ദ്ദിച്ചതിനും കോടതിയിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനും രാമചന്ദ്രനെതിരെ കേസ് എടുത്തു.