തിരുവനന്തപുരം: വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി പ്രവാസികളുമായുളള വിമാനം ഇന്ന് തിരുവനന്തപുരത്തെത്തും. ദോഹയിൽ നിന്നുളള 182 അംഗസംഘം രാത്രി 10.45 ഓടെയാണ് വിമാനമിറങ്ങുക. അഞ്ച് ജില്ലകളിൽ നിന്നുളളവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , കന്യാകുമാരി എന്നിവിടങ്ങളിലുളളവർ ഇതിൽ ഉൾപ്പെടുന്നു. 

കരിപ്പൂരിൽ നിന്നുളള എയർ ഇന്ത്യ വിമാനം ദോഹയിലെത്തി അവിടെ നിന്നുമാണ് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കുന്നത്. ആധുനിക തെർമൽ ക്യാമറ അടക്കമുളള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കാൻ ഒരുക്കിയിരിക്കുന്നത്. ഏഴ് ഹെൽപ് ഡെസ്കുകൾ വഴി ശരീര ഊഷ്മാവ് പരിശോധിക്കും.

Also Read: പ്രവാസികളെ പരിശോധിക്കാൻ തിരുവനന്തപുരത്ത് അതിനൂതന തെർമൽ ക്യാമറയും

പനിയോ അസുഖലക്ഷണങ്ങളോ ഉളളവരെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. അല്ലാത്തവരെ ഇമിഗ്രേഷൻ പരിശോധന പൂർത്തിയാക്കി കെഎസ്ആർടിസി ബസുകളിൽ നീരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. തിരുവനന്തപുരത്ത് ആറ് താലൂക്കുകളിലായി 17,000 പേർക്കുളള നിരീക്ഷണ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നാലായിരം മുറികൾ പൂർണ്ണതോതിൽ സജ്ജമാണ്. മറ്റ് ജില്ലകളിൽ നിന്നുളളവർക്ക് അതത് ഇടങ്ങളിലായിരിക്കും നിരീക്ഷണം.