തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജയിലുകളിലുള്ളവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലുകളിലാണ് 2 പേര്‍ക്ക് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കണ്ണൂര്‍ സബ് ജയിലിലും റിമാന്‍ഡ് പ്രതിക്ക് രോഗബാധ കണ്ടെത്തിയിരുന്നു. മൂന്ന് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ ജയിലിലും വീട്ടില്‍ നിരീക്ഷണത്തിലാണ്. പ്രതികള്‍ കഴിഞ്ഞ ബ്ലോക്കിലെ മറ്റ് തടവുകാരെയും നിരീക്ഷിക്കുന്നുണ്ട്. 

ഇത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതിന് തടവുകാരെ നിരീക്ഷിക്കാനായി ഓരോ ജില്ലയിലും ഓരോ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള കൊവിഡ് ഫസ്റ്റ്‌ലൈന്‍ കേന്ദ്രങ്ങളില്‍
പുതുതായി റിമാന്‍ഡില്‍ തടവുകാരെ സുരക്ഷാ സംവിധാനങ്ങളോടെ ഏറ്റെടുക്കുന്നതിന് ജയില്‍ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കത്തിലൂടെ ഒരാള്‍ക്കാണ് രോഗം പിടിപെട്ടത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം പിടിപെട്ടു. എയർ ഇന്ത്യ കാബിൻ ക്രൂവിലെ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, 10 പേരുടെ കൊവിഡ് പരിശോധനാ ഫലം കൂടി നെഗറ്റീവായി.