തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്താനുറച്ച് തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി സിപിഎം മുന്നോട്ട്. സിപിഎമ്മിന്‍റെ മൂന്ന് ഏരിയ സെക്രട്ടറിമാര്‍ മത്സരിക്കും. 75 സീറ്റിലായിരിക്കും സിപിഎം മത്സരിക്കുക
തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം നിലനിര്‍ത്താനുറച്ച് തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്താൻ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി സിപിഎം മുന്നോട്ട്. സിപിഎമ്മിന്‍റെ മൂന്ന് ഏരിയ സെക്രട്ടറിമാരെ മത്സരിപ്പിക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സിപിഎം വഞ്ചിയൂർ ഏരിയ സെക്രട്ടറി കെ ശ്രീകുമാർ, പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബു, വിളപ്പിൽ ഏരിയാ സെക്രട്ടറി ആർ പി ശിവജി എന്നിവരായിരിക്കും മത്സരിക്കുക. കെ ശ്രീകുമാർ ചാക്കയിലും വഞ്ചിയൂരിൽ പി ബാബുവും ആർ പി ശിവജി വിളപ്പിൽ വാർഡിലുമായിരിക്കും മത്സരിക്കുക. കോര്‍പ്പറേഷനിലെ 75 സീറ്റുകളിലായിരിക്കും സിപിഎം മത്സരിക്കുക. 17 സീറ്റിൽ സിപിഐ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം തീരുമാനം.



