തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം ഡിവിഷനിൽ സിപിഎം സ്ഥാനാർത്ഥി 58 വോട്ടിന് പരാജയപ്പെട്ടു. 636 വോട്ട് നേടിയ സിപിഎം വിമതൻ്റെ സാന്നിധ്യമാണ് ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് വഴിയൊരുക്കിയത്. നഗരസഭയിൽ 45 വർഷത്തെ ഇടതുഭരണത്തിന് അവസാനമായി
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ വൻ തിരിച്ചടി നേരിട്ട ഇടതുപക്ഷത്തിന് വാഴോട്ടുകോണം ഡിവിഷനിൽ 58 വോട്ടിൻ്റെ പരാജയമാണ് ഉണ്ടായത്. സിപിഎം സ്ഥാനാർത്ഥി സി.ഷാജി ബി.ജെ.പി സ്ഥാനാർത്ഥി ആർ.സുഗതനോടാണ് പരാജയപ്പെട്ടത്. എന്നാൽ ഇവിടെ സിപിഎം വിമതൻ കെ.വി.മോഹനൻ 636 വോട്ട് നേടി. ഷാജിയുടെ അപരൻ ഷാജി പി 44 വോട്ടും നേടി. ഫലത്തിൽ ഉൾപ്പാർട്ടി പോര് മൂലം സിപിഎം സ്ഥാനാർത്ഥി പരാജയപ്പെട്ട വാർഡാണ് തിരുവനന്തപുരം കോർപറേഷനിലെ വാഴോട്ടുകോണം വാർഡ്.
ബിജെപി സ്ഥാനാർത്ഥിക്ക് 1939 വോട്ടാണ് ഡിവിഷനിൽ നേടാനായത്. ഷാജിക്ക് 1881 വോട്ട് ലഭിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പി സദാനന്ദൻ 1549 വോട്ട് നേടി. നാലാമതായി ഫിനിഷ് ചെയ്ത സിപിഎം വിമതൻ 636 വോട്ട് നേടി. ഡിവിഷനിൽ സിപിഎമ്മിന്റെ പരാജയത്തിന് കാരണക്കാരനെന്ന പഴി ഇതോടെ കെവി മോഹനൻ്റെ പേരിലേക്ക് മാറും.
തിരുവനന്തപുരം നഗരസഭയിൽ 45 വർഷത്തെ ഇടതുഭരണത്തിനാണ് അവസാനമായത്. 50 സീറ്റിൽ ജയിച്ച ബിജെപി ഭരണം ഉറപ്പിച്ചു. 29 സീറ്റിലാണ് ഇടതുപക്ഷം വിജയിച്ചത്. 19 ഇടത്ത് യു.ഡി.എഫ് വിജയിച്ചു. പാറ്റൂർ, പൗഡിക്കോണം വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.


