യാത്രക്കാരിലേക്ക് സുപ്രധാന വിവരങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ജനുവരി 1 മുതൽ നിശബ്ദ (സൈലന്‍റ്) വിമാനത്താവളം. അനൗൺസ്മെന്റുകൾ പരമാവധി കുറച്ച് യാത്രക്കാരുടെ വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം. യാത്രക്കാർക്കുള്ള സുപ്രധാന വിവരങ്ങളെല്ലാം സ്‌ക്രീനുകളിൽ ലഭ്യമാക്കും. ബോർഡിങ് ഗേറ്റ് മാറ്റം, ബാഗേജ് സ്ക്രീനിങ് സിസ്റ്റം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ മാത്രമായിരിക്കും അനൗൺസ് ചെയ്യുക.

മുംബൈ, ലഖ്നൌ, അഹമ്മദാബാദ് എന്നിങ്ങനെയുള്ള വിമാനത്താവളങ്ങള്‍ ഇതിനകം നിശബ്ദ വിമാനത്താവളങ്ങളാണ്. വലിയ ബഹളമില്ലാതെ സമാധാനപരമായ യാത്രാനുഭവം നല്‍കുകയാണ് സൈലന്‍റ് വിമാനത്താവളങ്ങളുടെ ലക്ഷ്യം. ഇതോടെ യാത്രക്കാര്‍ക്ക് അവരവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതേസമയം യാത്രക്കാരിലേക്ക് സുപ്രധാന വിവരങ്ങള്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ടെർമിനൽ -1, ടെർമിനൽ -2 എന്നിവയിലുടനീളമുള്ള എല്ലാ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും പ്രധാനപ്പെട്ട വിവരങ്ങള്‍ തെളിയും. സൈലന്റ് എയർപോർട്ട് എന്ന മാറ്റത്തെ കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുന്നതിനുള്ള കാമ്പെയ്‌ൻ സോഷ്യൽ മീഡിയയിലൂടെ നടത്തുമെന്നും ടിയാല്‍ അധികൃതര്‍ അറിയിച്ചു.

ബാങ്ക് വായ്പ, പോളിസി, യുപിഐ ഐഡി, ഇഎംഐ; ഒന്നും പഴയ പോലെ അല്ല, 2024ലെ സുപ്രധാന മാറ്റങ്ങൾ അറിയാം....

അതിനിടെ മൂന്നു പുതിയ രാജ്യാന്തര സർവീസുകളുമായാണ് തിരുവനന്തപുരം വിമാനത്താവളം പുതുവര്‍ഷത്തെ വരവേറ്റത്. അബുദാബിയിലേക്ക് ഇതിഹാദ് എയർലൈൻസും മസ്കറ്റിലേക്ക് സലാം എയറും ക്വാലലംപൂരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് തുടങ്ങുന്നത്. അബുദാബിയിലേക്കുള്ള ഇതിഹാദിന്റെ പ്രതിദിന സർവീസ് തുടങ്ങി. സലാം എയറിന്റെ സർവീസ് ജനുവരി 3 നാണ് തുടങ്ങുക. തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ്. എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ റൂട്ടിൽ മലേഷ്യൻ എയർലൈൻസിന്റെ സർവീസുമുണ്ട്. അതിനിടെ ഇന്ത്യയിൽ നിന്ന് പുതുവത്സരത്തിൽ ആദ്യ അന്താരാഷ്ട്ര വിമാനം പുറപ്പെട്ടത് തിരുവനന്തപുരത്തു നിന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം